മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം നടി റിയ ചക്രബര്‍ത്തിക്ക് പിന്നാലെ പ്രമുഖ ബോളിവുഡ് താരങ്ങളിലേക്കും. സുശാന്തിനൊപ്പം 25 ബോളിവുഡ് താരങ്ങള്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് റിയയും കസ്റ്റഡിയിലുള്ള സഹോദരന്‍ ഷോവിക്കും മൊഴിനല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ താരങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നോട്ടീസ് നല്‍കും.
ബോളിവുഡിലെ കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് എന്‍സിബി അറിയിക്കുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച നടി റിയ ചക്രബര്‍ത്തി അതിമാരക ലഹരി മരുന്നുകള്‍ താന്‍ ഉപയോഗിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കഞ്ചാവടക്കം അതിമാരക ലഹരി മരുന്നുകള്‍ താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ വെച്ചും പല പാര്‍ട്ടികളിലും മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു.
സുശാന്തിന്റെ സഹോദരിമാര്‍ക്കെതിരെ റിയയുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയായിരുന്നു നടിയുടെ അറസ്റ്റ്. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് നിയമത്തിലെ സെക്ഷന്‍ 8, 20 (ബി), 27(എ), 29 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിക്കല്‍, കൈവശംവെക്കല്‍, വില്‍പ്പന, ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക, കുറ്റകരമായി ഗൂഢാലോചന. ലഹരിമരുന്ന് കടത്തല്‍ എന്നിവയാണ് കുറ്റങ്ങള്‍. പത്ത് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. അതേസമയം, ലഹരിക്ക് അടിമയായ ഒരാളെ പ്രണയിച്ചതാണ് റിയ ചെയ്ത കുറ്റമെന്നാണ് നടിയുടെ അഭിഭാഷകന്റെ പ്രതികരണം.