24 വെട്ടുമായി എമ്പുരാന്‍; ഗുജറാത്ത് കലാപത്തിലെ പ്രതി ബജ്രംഗി പേര് മാറി ബല്‍ദേവായി,സുരേഷ് ഗോപിയുടെ പേരും വെട്ടി

കൊച്ചി: എമ്പുരാന്റെ പുതിയ പതിപ്പിൽ 24 വെട്ടെന്ന് റിപ്പോർട്ട്. പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായി സെൻസർ രേഖയിൽ വ്യക്തമാക്കുന്നു.
രണ്ടു മിനിട്ട് എട്ടു സെക്കന്റ് ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന സീനും സ്ത്രീകൾക്കെതിരായ അതിക്രമസീനുകൾ മുഴുവനും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആർഎസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കി.
എമ്പുരാന്റെ റീ എഡിറ്റിങ് സമ്മര്‍ദ്ദം മൂലമല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആരുടേയും ഭീഷണിയായി ഇതിനെ കാണരുത്. വേറെ ഒരാളുടെ സംസാരത്തില്‍നിന്നല്ല ഇത് ചെയ്തത്. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും സിനിമയുടെ കഥയറിയാമെന്നും പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തീര്‍ച്ചായയുമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ സാറിന് ഈ സിനിമയുടെ കഥയറിയാമെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മോഹന്‍ ലാലിന് കഥ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല. എനിക്കറിയാം, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമറിയാം. അറിയില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ഞങ്ങളാരും പറഞ്ഞിട്ടില്ല. മേജര്‍ രവി പറഞ്ഞല്ലോ എന്ന ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങള്‍ എത്രയോ വര്‍ഷമായി തമ്മില്‍ അറിയുന്നവരാണ്. ഈ സിനിമ നിര്‍മിക്കണമെന്നത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്. സിനിമയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ എല്ലാവരും ഈ സിനിയെ മനസിലാക്കിയിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ മനസിലാക്കിയതില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്തുക എന്നത് ഞങ്ങളുടെ കടമയാണ്.
കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ജനങ്ങള്‍ വളരെ സന്തോഷത്തോടെ സിനിമ സ്വീകരിച്ചിരിക്കുന്നു. ഒരു പാര്‍ട്ടിക്കല്ല, ഒരു വ്യക്തിക്ക് സങ്കടമുണ്ടായാല്‍ പോലും അതിനെ പരിഗണിക്കേണ്ടത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. ആ കാര്യം മനസ്സിലാക്കി ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം മാത്രമാണ് ചെയ്തത്. വേറെ ആരുടേയും സമ്മര്‍ദ്ദത്തിന്റെ പുറത്ത് ചെയ്തതല്ല. നാളെ ഒരു സമയത്ത് വേറെ ഒരു പാര്‍ട്ടിക്ക് വിഷമം ഉണ്ടായാലും മാറ്റം വരുത്തും.
ചിത്രത്തിന്റെ എഡിറ്റിങ് സംബന്ധിച്ച് വിയോജിപ്പുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. ഒരാള്‍ക്ക് വിയോജിപ്പുണ്ടായാല്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ല അത്. എല്ലാവരുടേയും സമ്മതം അതിനാവശ്യമാണ്. സമ്മതത്തോടെ തന്നെ ചെയ്യുന്ന കാര്യമാണത്. മുരളി ഗോപി പോസ്റ്റ് ഷെയര്‍ ചെയ്തില്ലെങ്കിലും സമ്മതമുണ്ടെന്ന് വിശ്വസിക്കുന്നു. ചിത്രത്തെ സംബന്ധിച്ച് വിവാദത്തിന്റെ കാര്യമില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.