
ഗാന്ധിനഗര്‍: ഗുജറാത്തിൽ വിവിധ ഇടങ്ങളിലായി മിന്നലേറ്റ് 20 പേർ മരിച്ചു. ഇന്നലെ സംസ്ഥാന വ്യാപകമായി പെയ്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്. ദഹോദ് ജില്ലയിൽ നാല് പേർ മരിച്ചു. ബറൂച്ചിൽ മൂന്നും താപിയിൽ രണ്ട് പേരുമാണ് മരിച്ചത്. അഹമ്മദാബാദ്, അമ്രേലി, ബനസ്കന്ത, ബോട്ടാഡ്, ഖേഡ, മെഹ്സാന, പഞ്ച്മഹൽ, സബർകാന്ത, സൂറത്ത്, സുരേന്ദ്രനഗർ, ദേവഭൂമി ദ്വാരക എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു.
ദുരന്തത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ അമിത് ഷാ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. കനത്ത മഴയെ തുടർന്ന് കാഴ്ചാ പരിധി കുറഞ്ഞതോടെ സൂറത്ത് വിമാനത്താവളത്തിൽ നിന്ന് 10 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.
ഗുജറാത്തിലെ 252 താലൂക്കുകളിൽ 234 ഇടത്തും ഞായറാഴ്ച മഴ രേഖപ്പെടുത്തിയതായി സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റര്‍ (എസ്‌ഇഒസി) വ്യക്തമാക്കി. സൂറത്ത്, സുരേന്ദ്രനഗർ, ഖേദ, താപി, ബറൂച്ച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ 16 മണിക്കൂറിനുള്ളിൽ 50 മുതൽ 117 മില്ലിമീറ്റർ വരെ മഴ പെയ്തു.
തെക്കൻ ഗുജറാത്ത്, സൗരാഷ്ട്ര ജില്ലകളിലെ ചില ഭാഗങ്ങളിൽ മഴ പെയ്യുമെന്നാണ് അറിയിപ്പ്. വടക്കുകിഴക്കൻ അറബിക്കടലിൽ ഒരു ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതിനാല്‍ അതിന്‍റെ ഫലമായി സൗരാഷ്ട്ര, കച്ച് മേഖലകളില്‍ മഴ പെയ്യാനിടയുണ്ടെന്നാണ് അറിയിപ്പ്.