KeralaNationalNewsNews

അഡ്വഞ്ചർ റിസോർട്ടിലെ അപകടത്തിൽ രണ്ടുമക്കളും മരിച്ച ദമ്പതിമാർക്ക് രണ്ടുകോടി നഷ്ടപരിഹാരം

കൊച്ചി: അഡ്വഞ്ചര്‍ റിസോര്‍ട്ടിലെ സുരക്ഷാവീഴ്ചമൂലം രണ്ട് മക്കളെയും നഷ്ടപ്പെട്ട ദമ്പതികള്‍ക്ക് 1.99 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവില്‍ വന്നതിനു ശേഷം ഉപഭോക്തൃ തര്‍ക്ക പരിഹാര കേസുകളില്‍ അനുവദിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.

എറണാകുളം ആമ്പല്ലൂര്‍ സ്വദേശികളായ പി.വി. പ്രകാശന്‍, വനജ പ്രകാശന്‍ എന്നിവരുടെ രണ്ട് ആണ്‍മക്കള്‍ പുണെയിലെ റിസോര്‍ട്ടില്‍ വച്ചുണ്ടായ അപകടത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. റിസോര്‍ട്ട് മാനേജ്‌മെന്റിന്റെ വീഴ്ചമൂലമാണ് അപകടം സംഭവിച്ചതെന്നും ഇതില്‍ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

2020 ഒക്ടോബര്‍ മാസത്തിലാണ് ദമ്പതികളുടെ മക്കളായ നിതിന്‍ പ്രകാശ് (24), മിഥുന്‍ പ്രകാശ് (30 )എന്നിവര്‍ മഹാരാഷ്ട്രയിലെ പുണെയില്‍ കരന്തി വാലി അഡ്വഞ്ചര്‍ ആന്‍ഡ് ആഗ്രോ ടൂറിസം റിസോര്‍ട്ടില്‍ സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയ്ക്ക് പോയത്. റിസോര്‍ട്ടിലെ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ വെള്ളത്തില്‍ മുങ്ങി അപകടം സംഭവിച്ചാണ് പരാതിക്കാരായ ദമ്പതിമാര്‍ക്ക് രണ്ടു മക്കളെയും നഷ്ടമായത്. റിസോര്‍ട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും പരിചയസമ്പന്നരായ ഗൈഡുമാരെ നിയമിക്കുന്നതിലും റിസോര്‍ട്ട് മാനേജ്‌മെന്റിന് വീഴ്ച സംഭവിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ചാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.

ഈ വിഷയത്തില്‍ പുണെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ റിസോര്‍ട്ടില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നുള്ള കണ്ടെത്തല്‍ കോടതി പരിഗണിച്ചു.

‘ചെറുപ്രായത്തില്‍ ദാരുണമായ ദുരന്തത്തിലൂടെ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ മുറിവുണക്കാന്‍ എത്ര തുക നഷ്ടപരിഹാരമായി അനുവദിച്ചാലും കഴിയില്ല. എന്നാലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്ക് കനത്ത പിഴ ചുമത്തേണ്ടത് ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരായ ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 1.99 കോടി രൂപയും കോടതി ചെലവായി 20,000 രൂപയും 30 ദിവസത്തിനകം നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്.

മരിച്ച കുട്ടികള്‍ക്ക് നീന്തല്‍ വശമില്ലാതിരുന്നു എന്ന് നിരീക്ഷിച്ച കോടതി, ഇത്തരം ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാന്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടെയുള്ള ദുരന്തനിവാരണ പാഠങ്ങള്‍ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker