സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 2.61 ലക്ഷം പേര്‍; മരണസംഖ്യ 76
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 2.61 ലക്ഷം പേര്‍. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് ഇതുവരെ 76 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഉള്‍പ്പെടെ 58 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ 50 പേര്‍ക്കായി കവളപ്പാറയിലും 7 പേര്‍ക്കായി വയനാട്ടിലും തെരച്ചില്‍ തുടരുകയാണ്. പ്രളയത്തില്‍ കോട്ടയത്തുനിന്നും കാണാതായ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. വയനാട്ടിലും മലപ്പുറത്തും കാണാനില്ലാത്തവരുടേത് ഏകദേശ കണക്കാണെന്നും ഈ സംഖ്യയില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നിലവില്‍ സംസ്ഥാനത്താകെ 1639 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2966 വീടുകള്‍ ഭാഗീകമായും 286 വീടുകള്‍ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നു. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത് മലപ്പുറം ജില്ലയിലാണ്. 23 പേരാണ് പ്രളയത്തില്‍ മലപ്പുറം ജില്ലയില്‍ മരിച്ചത്. 50 പേരെ ഇനിയും കണ്ടെത്താനുണ്ട്.
മലപ്പുറത്ത് 232 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 15197 കുടുംബങ്ങളിലെ 55720 പേര്‍ ദുരിതബാധിതരായി ഇവിടങ്ങളില്‍ കഴിയുന്നു. 456 വീടുകള്‍ ഭാഗികമായും 65 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. രണ്ട് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോഴിക്കോട്ട് 317 ക്യാംപുകളിലായി 18024 കുടുംബങ്ങളിലെ 58317 പേര്‍ കഴിയുന്നു. 154 പേര്‍ ഭാഗികമായും 3 വീടുകള്‍ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നു. 17 പേര്‍ മരണപ്പെട്ടു. വയനാട്ടില്‍ 214 ക്യാംപുകളിലായി 10379 കുടുംബങ്ങളിലെ 37395 പേര്‍ കഴിയുന്നു. 30 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും ദുരന്തത്തില്‍ തകര്‍ന്നു.