തീരപരിപാലന നിയമം ലംഘിച്ച് സംസ്ഥാനത്ത് നിര്‍മിച്ച 1800 കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കേണ്ടി വരും; അധികവും ഫ്‌ളാറ്റുകള്‍
തിരുവനന്തപുരം: തീരപരിപാലന നിയമം ലംഘിച്ച് സംസ്ഥാനത്ത് നിര്‍മിച്ചത് 1800 കെട്ടിട സമുച്ചയങ്ങള്‍. ഇതില്‍ കൂടുതല്‍ ഫ്ളാറ്റുകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളിലേക്ക് നീങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കെട്ടിട നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു.
മരടിലേതിന് സമാനമായി നിയമം ലംഘിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലായി നിര്‍മ്മിച്ച 1800ഓളം കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കേണ്ടി വരുമെന്നും സുപ്രീംകോടതി ഇടപെട്ട സ്ഥിതിക്ക് ഇനി ഇളവ് പറ്റില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി. മരട് വിഷയത്തില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയം ഇന്നലെ മന്ത്രിസഭ ചര്‍ച്ച ചെയ്തത്. കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള തുടര്‍നടപടികളിലേക്ക് വേഗം നീങ്ങാനാണ് തീരുമാനം.