LOTTERY ✈️🏘️പിറന്നാൾ ദിനത്തിലെടുത്ത ലോട്ടറിയടിച്ചു, 295 കോടി;5 ബെൻസ് കാറും, വിമാനവും ബംഗ്ലാവും വാങ്ങി 18കാരി
ഒട്ടാവ (കാനഡ): ജീവിതത്തില്‍ ആദ്യമായെടുത്ത ലോട്ടറിയടിച്ചതോടെ 18-കാരിക്ക് സമ്മാനമായി ലഭിച്ചത് 48 മില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ (ഏകദേശം 295 ഇന്ത്യന്‍ കോടി രൂപ). കാനഡയില്‍ ഒന്റേറിയോയിലെ സാള്‍ട്ട് സ്‌റ്റെ മാരി സ്വദേശിനിയായ ജൂലിയറ്റ് ലാമര്‍ എന്ന കൗമാരക്കാരിക്കാണ് പിറന്നാള്‍ ദിനത്തിലെടുത്ത ലോട്ടറിയില്‍ വന്‍തുക സമ്മാനം ലഭിച്ചത്.
ലോട്ടറിയെടുത്തെങ്കിലും നറുക്കെടുപ്പിനെക്കുറിച്ചൊന്നും ഓര്‍ത്തില്ല. താമസിക്കുന്ന നഗരത്തില്‍ മറ്റൊരാള്‍ക്ക് ലോട്ടറിയടിച്ചത് അറിഞ്ഞപ്പോഴാണ് തന്റെ ടിക്കറ്റിനെക്കുറിച്ച് ഓര്‍മ്മ വന്നതെന്ന് ജൂലിയറ്റ് ലാമര്‍ പറയുന്നു. കാനഡയില്‍ പ്രചാരത്തിലുള്ള ലോട്ടോ 649 ആണ് ജൂലിയറ്റ് എടുത്തത്.
ജനുവരി ഏഴിന് പതിനെട്ടാം പിറന്നാള്‍ ദിവസം മുത്തച്ഛന്റെ നിര്‍ദേശപ്രകാരമാണ് ജൂലിയറ്റ് ലോട്ടറിയെടുത്തത്. ആദ്യമായാണ് ടിക്കറ്റെടുത്തതെന്നും അതിനാല്‍ കടയില്‍ പോയപ്പോള്‍ എങ്ങനെ ടിക്കറ്റ് എടുക്കണമെന്ന് പോലും അറിയില്ലായിരുന്നുവെന്നും ജൂലിയറ്റ് പറഞ്ഞു. ഗോള്‍ഡ് ബോള്‍ ജാക്ക്‌പോട്ട് തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സമ്മാനം ലഭിച്ച തുകകൊണ്ട് കുടുംബത്തിനായി അഞ്ച് മേഴ്‌സിഡസ് കാറുകളും ഒരു ചെറുവിമാനവും ലണ്ടനില്‍ ഒരു ബംഗ്ലാവും ജൂലിയറ്റ് വാങ്ങി. 150 കോടി രൂപയ്ക്ക് സമാനമായ തുക ഭാവിയിലേക്ക് നിക്ഷേപിച്ചതായും അവര്‍ പറഞ്ഞു. രണ്ടുകോടിയോളം രൂപയാണ് ഒരു മേഴ്‌സിഡസ് കാറിനായി ജൂലിയറ്റ് ചെലവാക്കിയത്.
ചെറുവിമാനത്തിന് 100 കോടിയും ബംഗ്ലാവിനായി 40 കോടി രൂപയും അവര്‍ ചെലവഴിച്ചു. സാമ്പത്തിക ഉപദേശകനായ പിതാവിന്റെ സഹായത്തിലാണ് ജൂലിയറ്റ് ഇത്രയും തുക ചെലവഴിച്ചത്.
ഓഫീസിലിരിക്കുമ്പോഴാണ് താന്‍ താമസിക്കുന്ന പ്രദേശത്തെ വ്യക്തിക്ക് സമ്മാനം ലഭിച്ചതായി ജൂലിയറ്റ് അറിയുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ മൊബൈല്‍ ആപ്പില്‍ ഫലം നോക്കുകയായിരുന്നു. സമ്മാനം ലഭിച്ചതറിഞ്ഞ് തനിക്കൊപ്പമുള്ളവര്‍ ഞെട്ടിയെന്നും തനിക്ക് അന്ന് കമ്പനി നേരത്തെ പോകാന്‍ അനുമതി തന്നുവെന്നും അവര്‍ അറിയിച്ചു. എന്നാല്‍, ഷിഫ്റ്റ് കഴിഞ്ഞതിന് ശേഷം മാത്രം തിരികെ വന്നാമതിയെന്നായിരുന്നു മാതാവിന്റെ പ്രതികരണമെന്നും അവര്‍ പറഞ്ഞു.