CrimeKeralaNews

പൈലറ്റ് ചമഞ്ഞ് ലൈംഗിക പീഡനവും പണം തട്ടലും,ടിജു ജോര്‍ജിന്റെ വലയില്‍ വീണത് 17 പെണ്‍കുട്ടികള്‍,ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി:കുമ്പളത്ത് റിസോര്‍ട്ടില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജ് തോമസ് (33) മലേഷ്യയില്‍ തട്ടിപ്പിന് ഇരയാക്കിയത് 17 യുവതികളെ. യുഎഇയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി റോഷ്‌നി എന്ന യുവതിയില്‍നിന്ന് വന്‍ തുക തട്ടിയെടുത്തെന്നും വെളിപ്പെടുത്തല്‍. ഈ കേസില്‍ ചെങ്ങന്നൂര്‍ കോടതിയില്‍നിന്ന് തനിക്ക് അനുകൂല വിധിയുണ്ടായതിനെ തുടര്‍ന്ന് ടിജു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണെന്നും റോഷ്‌നി മനോരമ ഓണ്‍ലൈനോടു പറഞ്ഞു. വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട 17 പെണ്‍കുട്ടികളില്‍ നിന്നായി പത്തു കോടിയോളം തട്ടിയെടുത്തെന്നായിരുന്നു മലേഷ്യയിലെ കേസ്. അവിടെ മൂന്നു മാസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ടിജുവിനെ കേരളത്തിലേക്കു നാടുകടത്തുകയായിരുന്നെന്നും റോഷ്‌നി പറയുന്നു.

‘2012 ല്‍ ഡിസംബറില്‍ യുഎഇയില്‍ ജോലി ചെയ്യുമ്പോഴാണ് മസ്‌കറ്റില്‍ ജോലിയുള്ള ടിജു ജോര്‍ജ് തോമസ് വിവാഹ വെബ്‌സൈറ്റില്‍ കണ്ട് ആലോചനയുമായി എത്തുന്നത്. ഞാന്‍ വിവാഹമോചിതയായിരുന്നതിനാല്‍ അവിവാഹിതനായ ഒരാളുമായി ബന്ധം താല്‍പര്യമില്ലെന്നു പറഞ്ഞു. എന്നാല്‍ താനും വിവാഹിതനാണെന്നും ഭാര്യ ഉപേക്ഷിച്ചു പോയതാണെന്നു നുണ പറഞ്ഞു വിശ്വസിപ്പിച്ചു. ഭാര്യ ഉപേക്ഷിച്ച സങ്കടത്തില്‍ ആത്മഹത്യാ ശ്രമം നടത്തിയതിന്റെ തെളിവായി കയ്യിലെ മുറിവുകളും കാണിച്ചു. വീട്ടുകാര്‍ ഇടപെട്ടായിരുന്നു പിന്നീട് ആലോചനയും ചടങ്ങുകളും. അപ്പോഴാണ് യുഎസില്‍ പോകുന്നതു കൂടി ലക്ഷ്യമിട്ട് ഞാന്‍ നാട്ടിലെ സ്ഥലം വിറ്റത്. ഈ സമയം ടിജുവും പിതാവും മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തി കേസില്‍പെട്ട് ജയിലിലാകുന്ന സാഹചര്യമുണ്ടായി. മറ്റൊരാള്‍ പണം അപഹരിച്ചതാണെന്നും നാട്ടില്‍ പോകണമെങ്കില്‍ അവിടെ പണം കെട്ടിവയ്ക്കണമെന്നും പറഞ്ഞാണ് ടിജു ആദ്യം പണം വാങ്ങിയത്. അതിനിടെ ഞാന്‍ നാട്ടിലെത്തി വിവാഹ ഒരുക്കങ്ങള്‍ നടത്തി. ഈ സമയം അവര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കി.

ഇതിനിടെയാണ് നാട്ടിലെ ഒരാള്‍ ടിജുവിന്റെ തട്ടിപ്പിനെക്കുറിച്ചും പത്താം ക്ലാസ് മുതല്‍ പെണ്‍കുട്ടികളെ പറ്റിച്ചതിനെക്കുറിച്ചും പറയുന്നത്. അന്വേഷിച്ചപ്പോള്‍ ശരിയാണെന്നു മനസ്സിലായി. ഇതോടെ കേസു കൊടുക്കുമെന്നു പറഞ്ഞു. ഇതോടെ ടിജു മസ്‌ക്കറ്റില്‍നിന്ന് മുങ്ങി നാട്ടിലെത്തി അമ്മയെ കണ്ടു. ഇതിനിടെ ഞാന്‍ നാട്ടില്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഇത്രയുമായപ്പോള്‍ ടിജു ഒത്തുതീര്‍പ്പിനു ശ്രമിച്ചു. തമിഴ്‌നാട്ടില്‍ സ്ഥലമുണ്ടെന്നും അതു വിറ്റാല്‍ ഉടന്‍ പണം നല്‍കാെമന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. അക്കാലത്ത് തിരുവനന്തപുരത്തുള്ള ഒരാളെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ടിജു അവര്‍ക്കൊപ്പം താമസിക്കുന്നതായും അറിഞ്ഞു. അതിനിടെ അവന്‍ വീണ്ടും ദുബായിലെത്തി. തുടര്‍ന്ന് ഞാന്‍ അബുദാബി പൊലീസില്‍ പരാതികൊടുത്തതോടെ പണം തിരിച്ചു നല്‍കാമെന്ന് കരാറെഴുതി നല്‍കി. ഈ സമയം ടിജുവിന്റെ തട്ടിപ്പുകളെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

ദുബായില്‍ കേസായതോടെ ടിജു ഒരു വക്കീലിന്റെ സഹായത്തോടെ ഖത്തര്‍ വഴി നാട്ടിലെത്തി. മറ്റൊരു പെണ്‍കുട്ടിക്കു വിവാഹവാഗ്ദാനം നല്‍കി അവര്‍ക്കൊപ്പം താമസിച്ചു. അനാഥരെയോ അമ്മയില്ലാത്തവരെയോ ഒക്കെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കുക. കേരളത്തില്‍ കേസ് വന്നതോടെ പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇട്ടു. അപ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ സഹായത്തോടെ മലേഷ്യയിലെത്തിയത്. അവിടെയും തട്ടിപ്പു തുടരുകയായിരുന്നു. തമിഴ്മാട്രിമൊണി വഴി ഒരു അനാഥയടക്കം 17 പെണ്‍കുട്ടികളെ പറ്റിച്ചു. അവരോട് ടിയാന്‍ ജോര്‍ജ് തോമസ് എന്നാണ് പേരു പറഞ്ഞിരുന്നത്. അതിലൊരു കുട്ടി സംശയം തോന്നി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ ടിജുവിന്റെ തട്ടിപ്പിനെതിരെ ഞാനിട്ട പോസ്റ്റ് കണ്ട് ബന്ധപ്പെടുകയായിരുന്നു.

ടിജുവിന്റെ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ കയറി മുഴുവന്‍ സുഹൃത്തുക്കളുടെയും വിവരങ്ങളെടുത്ത് ഗൂഗിളിന്റെ സഹായത്തോടെ ക്ലോസ് കോണ്ടാക്ടുകള്‍ കണ്ടെത്തി അവരുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് മലേഷ്യയില്‍ തട്ടിപ്പിനിരയായ പെണ്‍കുട്ടികളെ കണ്ടെത്തിയത്. അവരില്‍ പലരും ലൈംഗിക പീഡനത്തിനും ഇരയായിരുന്നു. അവരെക്കൊണ്ട് മലേഷ്യന്‍ എംബസിയിലും മറ്റും കേസ് കൊടുപ്പിച്ചതോടെ അറസ്റ്റുണ്ടായി. നാട്ടിലുള്ള കേസിന്റെ വിവരങ്ങളെല്ലാം കൈമാറി. മൂന്നു മാസം അവിടെ ജയിലില്‍ കിടന്നു. ഇതിനിടെ കേരള പൊലീസ് ചെങ്ങന്നൂരിലെ കേസിന്റെ പേരില്‍ അവിടെനിന്ന് നാടുകടത്തി കേരളത്തിലെത്തിച്ചു. ഇവിടെ ജയിലിലായെങ്കിലും ജാമ്യത്തിലിറങ്ങി. ചെങ്ങന്നൂര്‍ പൊലീസിന്റെ ഇടപെടലാണ് ടിജുവിനെ കേരളത്തിലെത്തിച്ച് ജയിലിലാക്കുന്നതിന് വഴിയൊരുക്കിയത്. ഇതിനിടെ, എനിക്കു പണം തിരിച്ചുതരണമെന്ന് ചെങ്ങന്നൂര്‍ കോടതി വിധിക്കുകയും ചെയ്തു.

അതിനു ശേഷം 2015 ല്‍ വിളിച്ച് 12 ലക്ഷം രൂപ തരാമെന്നും കേസ് ഒത്തുതീര്‍പ്പാക്കണമെന്നും പറഞ്ഞു. പറ്റില്ലെന്നു പറഞ്ഞതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ടിജുവിന്റെ പിതാവിനെ കേസില്‍നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാല്‍ പിതാവ് നേരിട്ട് ഇടപെട്ടിട്ടുള്ളതിനാല്‍ ഒഴിവാക്കാനാവില്ലെന്നാണ് കോടതിയില്‍ അറിയിച്ചിട്ടുള്ളത്.’ – റോഷ്‌നി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker