27.8 C
Kottayam
Thursday, April 25, 2024

ചേര്‍ത്തല,അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ നീട്ടി

Must read

ആലപ്പുഴ:ആർ.എസ്.എസ് പ്രവർത്തകൻ നന്ദുവിൻ്റെ മരണത്തേത്തുടർന്നുണ്ടായ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ല കളക്ടര്‍ പ്രഖ്യാപിച്ച നിരോധനജ്ഞ ഫെബ്രുവരി 28 രാത്രി 12 മണിവരെ ദീര്‍ഘിപ്പിച്ച്‍ ഉത്തരവായി.

അതിനിടെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവര്‍ത്തകന്‍ നന്ദു ആര്‍ കൃഷ്ണയുടെ വീട് കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി മുരളീധരനും സന്ദര്‍ശിച്ചു. സിപിഎം അധികാരത്തിലുള്ള ഇടങ്ങളിലെല്ലാം അക്രമങ്ങള്‍ നടക്കുകയാണെന്നും ഇടതുപക്ഷം പ്രതികളെ സംരക്ഷിക്കുകയാണെന്നും പ്രഹ്ലാദ് ജോഷി ആരോപിച്ചു.

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകൻ നന്ദു ആര്‍ കൃഷ്ണയുടെയും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നന്ദു കെ എസിന്‍റെയും വീടുകളിലാണ് കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി മുരളീധരനും സന്ദര്‍ശനം നടത്തിയത്. നന്ദു കൃഷ്ണയുടെ മാതാപിതാക്കളുമായി കേന്ദ്രമന്ത്രിമാർ സംസാരിച്ചു. എസ്ഡിപിഐ നടത്തുന്ന അക്രമങ്ങള്‍ക്ക് സിപിഎം സഹായം ചെയ്യുകയാണെന്ന് പ്രഹ്ലാദ് ജോഷി ആരോപിച്ചു.

ബിജെപിയുടെ വളര്‍ച്ചയിലുള്ള ഭയമാണ് ആക്രമണത്തിന് കാരണം. ഇതുപോലെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ബംഗാളിൽ സിപിഎം തൂത്തെറിയപ്പെട്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നന്ദുവിനെ കൊലപ്പെടുത്തിയ യഥാര്‍ത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്നും പ്രതികൾ രക്ഷപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. എസ്ഡിപിഐയെ നിരോധിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാർ നിയമപരമായി പരിശോധിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week