ന്യൂഡല്‍ഹി: നഗരത്തിലെ കൊവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൗമാരക്കാരിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ 19കാരനായ രോഗിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. ക്രൂരകൃത്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനാണ് പ്രതിയുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്തത്.
ദക്ഷിണ ഡല്‍ഹിയിലെ ഛത്താപൂരില്‍ കൊവിഡ് കേന്ദ്രത്തില്‍ ജൂലൈ 15ന് രാത്രിയായിരുന്നു സംഭവം. ശുചിമുറിയില്‍ വെച്ചാണ് 14 വയസുകാരിക്ക് മറ്റൊരു രോഗിയില്‍ നിന്നും ദുരനുഭവമുണ്ടായത്. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
10000 കിടക്കകളുള്ള കൊവിഡ് കേന്ദ്രം ഈ മാസം തുടക്കത്തിലാണ് ലെഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉദ്ഘാടനം ചെയ്തത്. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെയും ഗുരുതാരാവസ്ഥയിലല്ലാത്തവരെയും പാര്‍പ്പിക്കാനാണ് കേന്ദ്രം ഒരുക്കിയത്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനാണ് കേന്ദ്രത്തിന്റെ സുരക്ഷ ചുമതല.
ചേരി പ്രദേശത്തെ ക്ലസ്റ്ററില്‍ നിന്നുള്ള പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പമാണ് കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബന്ധുക്കളില്‍ ഒരാളോട് തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുകയും ശേഷം അവര്‍ ഐ.ടി.ബി.പി ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു.
പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകളും ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടി. വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കഴിയാത്ത രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നുണ്ട്.