NationalNewsNews

സ്മൃതി ഇറാനി, അർജുൻ മുണ്ട അടക്കം അടിതെറ്റിയത് ബിജെപിയുടെ 13 കേന്ദ്രമന്ത്രിമാർക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയത് സ്മൃതി ഇറാനിയും അര്‍ജിന്‍ മുണ്ടയുമടക്കം ബിജെപിയുടെ 13 കേന്ദ്രമന്ത്രിമാര്‍ക്ക്. ഹിന്ദി ഹൃദയഭൂമിയിലടക്കം കേന്ദ്രമന്ത്രിമാര്‍ നേരിട്ട തിരിച്ചടി ബിജെപിയുടെ കരുത്ത് ചോരുന്നതിന് ആക്കംകൂട്ടി. അമേഠിയില്‍ സ്മൃതി ഇറാനിക്ക് നേരിടേണ്ടിവന്ന പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വീഴ്ചകളില്‍ ഒന്നായിമാറി.

കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കേരളത്തില്‍ അങ്കത്തിനിറങ്ങിയെങ്കിലും രണ്ടുപേര്‍ക്കും വിജയിക്കാനായില്ല. കേന്ദ്ര ഇലക്ട്രോണിക് – ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് 16,000-ത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വിജയം നേടാനായില്ല.

2019-ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെ ദേശീയ ശ്രദ്ധനേടിയ നേതാവായിമാറിയ ഇറാനി ഇത്തവണ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മയോട് 1,67,196 വോട്ടുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. അമേഠിയിലെ സ്മൃതി യുഗമാണ് ഇതോടെ അവസാനിച്ചത്. അവരുടെ നേതൃത്വത്തില്‍ ബിജെപി കോട്ടയായി അമേഠി മാറിക്കൊണ്ടിരിക്കുന്നു എന്നുപോലും വിലയിരുത്തപ്പെട്ടിരുന്നു.

രാഹുലിനെ അവര്‍ പല അവസരത്തിലും രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഇക്കുറി വയനാട്ടിലും റായ്ബറേലിയിലും വന്‍ കുതിപ്പ് നടത്തുന്നതിനിടെ സ്മൃതിക്ക് അമേഠിയില്‍ അടിതെറ്റി.

കര്‍ഷക സമരത്തിനിടെ നടന്ന ലംഖിംപുര്‍ ഖേരി സംഭവത്തിന്റെ പേരില്‍, ജനരോഷം നേരിടേണ്ടിവന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് സമാജ്‌വാദി പാര്‍ട്ടിയിലെ ഉത്കര്‍ഷ് വര്‍മയോടാണ് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടേതെന്ന് പറയപ്പെടുന്ന വാഹനം ഇടിച്ചുവീഴ്ത്തിയതിനെ ത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട കേസില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് പ്രതിയാണ്. കടുത്ത ജനരോഷം അവഗണിച്ചാണ് അജയ് മിശ്രയെ ലഖിംപുര്‍ ഖേരിയില്‍തന്നെ ബിജെപി മത്സരിപ്പിച്ചത്. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാളിചരണ്‍ മുണ്ടയോട് ഒന്നര ലക്ഷത്തോളം വോട്ടുകള്‍ക്കാണ് ഝാര്‍ഖണ്ഡില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.

ഇത്തവണ പരാജയം രുചിക്കേണ്ടിവന്ന ബി.ജെ.പി.യുടെ കേന്ദ്രമന്ത്രിമാര്‍ ഇവരാണ്. സ്മൃതി ഇറാനി (അമേഠി), അര്‍ജുന്‍ മുണ്ട (ഖുന്തി), അജയ് മിശ്ര തേനി (ലംഖിപുര്‍ ഖേരി), കൈലാഷ് ചൗധരി (ബാര്‍മര്‍), രാജീവ് ചന്ദ്രശേഖര്‍ (തിരുവനന്തപുരം), സുഭാസ് സര്‍ക്കാര്‍ (ബങ്കുര), എല്‍. മുരുഗന്‍ (നീലഗിരി), നിസിത് പ്രമാണിക് (കൂച്ച് ബഹാര്‍), സഞ്ജീവ് ബല്യാണ്‍ (മുസാഫര്‍നഗര്‍), മഹേന്ദ്രനാഥ് പാണ്ഡെ(ചന്ദൗലി), കൗശല്‍ കിഷോര്‍ (മോഹന്‍ലാല്‍ ഗഞ്ച്), ഭഗ്‌വന്ത് ഖൂബ (ബിദാര്‍), രാജ് കപില്‍ പാട്ടീല്‍ (ഭിവാണ്‍ഡി).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker