CrimeKeralaNews

ഐസ്ക്രീം കഴിച്ച് 12കാരൻ മരിച്ച സംഭവം: പിതൃ സഹോദരി പൊലീസ് കസ്റ്റഡിയിൽ

കൊയിലാണ്ടി: ഐസ്ക്രീം കഴിച്ച് ഛർദിയുണ്ടായതിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു കസ്റ്റഡിയിൽ. കുട്ടിയുടെ പിതൃ സഹോദരിയാണ് കസ്റ്റഡിയിലുള്ളത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സംശയം പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഒരാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നീങ്ങിയത്. സൈബർ സെൽ മൊബൈൽ ഫോൺ പരിശോധിച്ചാണ് പിതൃസഹോദരിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12)യാണ് ഐസ് ക്രീം കഴിച്ച് ഛർദിയെ തുടർന്ന് മരിച്ചത്. ഞായറാഴ്ചയാണ് അരിക്കുളത്തെ കടയിൽനിന്ന് ഐസ്ക്രീം കഴിച്ചത്. തുടർന്ന് ഛർദിയുണ്ടായതിനാൽ വീടിന് സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടി.

ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്നു രാവിലെ മരിച്ചു.

ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവ അരിക്കുളത്തെ ഐസ്ക്രീം വിറ്റ കടയിൽനിന്ന് സാമ്പ്ൾ ശേഖരിച്ച ശേഷം കടയടപ്പിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ് ഫറസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകമാണെന്ന് സംശയമുണ്ടായത്. തുടർന്ന് കൊയിലാണ്ടി പൊലീസ് വിദഗ്ധ അന്വേഷണം നടത്തുകയായിരുന്നു. നിരവധി പേരിൽനിന്ന് മൊഴിയെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button