മാഡ്രിഡ്:എണ്ണക്കപ്പലിന്റെ പുറത്തുള്ള റഡറിൽ ഇരുന്നുകൊണ്ട് 11 ദിവസത്തെ യാത്ര, മൂന്ന് കുടിയേറ്റക്കാർ ആശുപത്രിയിൽ. അതിൽ ഒരാളുടെ നില ഗുരുതരം എന്ന് ഡോക്‌ടർമാർ. നൈജീരിയയിൽ നിന്നുമാണ് ഇവർ കപ്പലിന്റെ റഡറിൽ കയറിയത്. 11 ദിവസങ്ങൾക്ക് ശേഷം സ്പെയിനിലെ കനേറി ഐലന്റ്സിൽ വച്ചാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
തിങ്കളാഴ്ച ഗ്രാൻ കാനേറിയയിലെ ലാസ് പാൽമാസിൽ എത്തിയ ഇവരുടെ റഡറിലിരിക്കുന്ന ചിത്രം സ്പാനിഷ് കോസ്റ്റ് ഗാർഡ് പോസ്റ്റ് ചെയ്തു. വെള്ളത്തിനോട് തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് ഇവരുടെ കാലുകളിരിക്കുന്നത്. ആരും ഭയന്ന് പോകുന്ന ഈ യാത്ര എങ്ങനെ ഇവർ 11 ദിവസം കടന്നു എന്നത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്.
നവംബർ 17 -നാണ് കപ്പൽ നൈജീരിയയിലെ ലാഗോസിൽ നിന്നും പുറപ്പെട്ടത്. ഈ 11 ദിവസത്തെ യാത്രയിൽ കപ്പൽ ഏകദേശം പിന്നിട്ടത് 2700 നോട്ടിക്കൽ മൈലാണ്. ഈ കഠിനമായ യാത്രയെ തുടർന്ന് മൂന്നുപേരിലും ഡീഹൈഡ്രേഷനും ഹൈപ്പോഥെർമിയയും കഠിനമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.
പ്രാദേശിക ഗവൺമെന്റിന്റെ മൈഗ്രേഷൻ ഉപദേഷ്ടാവായ ടിക്സെമ സന്താന സംഭവത്തെ കുറിച്ച് ഒരു ട്വീറ്റിൽ പറഞ്ഞത് ഇങ്ങനെയാണ്, ‘ഈ സംഭവം ആദ്യത്തേത് അല്ല, ഇത് അവസാനത്തേതും അല്ല. എല്ലാ തവണയും ഇതുപോലെ ഭാഗ്യം ഉണ്ടായി എന്നും വരില്ല’.
2020 -ൽ ലാഗോസിൽ നിന്നുമുള്ള ഒരു പതിനഞ്ചു വയസുകാരൻ നൈജീരിയയിൽ നിന്നും ഇതുപോലെ കപ്പലിന്റെ റഡറിൽ യാത്ര ചെയ്തിരുന്നു. ഉപ്പു വെള്ളം കുടിച്ചാണ് അവൻ അതിജീവിച്ചത്. റഡറിന് മുകളിലുള്ള ഒരു ദ്വാരം പോലെയുള്ള സ്ഥലത്താണ് അന്ന് മറ്റുള്ളവർക്കൊപ്പം അവനും ഉറങ്ങിയത്. ‘ഞങ്ങൾ വളരെ അധികം തളർന്നിരുന്നു. ഇത് ഇത്രയും കഠിനമായിരിക്കും എന്ന് താൻ കരുതിയിരുന്നില്ല’ എന്നാണ് അവൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.