CrimeNationalNews

10,000 രൂപയുടെ വായ്പ മുടങ്ങി; അക്രമികൾ 2 സ്ത്രീകളെ വെടിവെച്ചുകൊന്നു

ന്യൂഡല്‍ഹി: ആര്‍.കെ. പുരത്ത് രണ്ട് സ്ത്രീകളെ വെടിവച്ചുകൊന്ന സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്ത് ഡല്‍ഹി പോലീസ്. പിങ്കി (30), ജ്യോതി (29) എന്നിവരാണ് ഞായറാഴ്ച രാവിലെ അയല്‍ക്കാരുടെ കണ്‍മുന്നില്‍വച്ച് വെടിയേറ്റുമരിച്ചത്. 10,000 രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് 20 ഓളം പേരടങ്ങിയ സംഘം വെടിവെപ്പും അക്രമവും നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെ നാലിനാണ് 20 ഓളം പേരടങ്ങിയ സംഘം ആയുധങ്ങളുമായി സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ആര്‍.കെ. പുരത്തുള്ള അംബേദ്കര്‍ ബസ്തിയിലെ വീട്ടിലെത്തിയത്. വീടിന്റെ വാതിലില്‍ ഇഷ്ടികളെറിഞ്ഞിട്ടും ആരും പുറത്തുവരാത്തതിനാല്‍ കല്ലേറ് തുടര്‍ന്നു.

ആരെയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് അക്രമികള്‍ മടങ്ങാനൊരുങ്ങി. കല്ലേറ് അവസാനിച്ചതിനെ തുടര്‍ന്ന് സംഘം തിരഞ്ഞെത്തിയ ലളിതും രണ്ട് സഹോദരിമാരും വീടിന് പുറത്തെത്തുകയും അക്രമിസംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

നെഞ്ചിലും വയറ്റിലും വെടിയേറ്റ സഹോദരിമാരെ ഉടനെ തന്നെ എസ്‌ജെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. ലളിതിന് വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ രക്ഷപ്പെട്ടു. പ്രദേശത്തുള്ള ദേവ് എന്ന ആളുമായി പണമിടപാട് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നതായി ലളിത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.പ്രതികളായ അര്‍ജിന്‍, മൈക്കല്‍, ദേവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് മുഖ്യമന്ത്രി കെജ്‌രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളോട് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഡല്‍ഹിയിലെ ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ അരക്ഷിതബോധമാണുള്ളതെന്നും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് പകരം ഡല്‍ഹി സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയില്‍ പങ്കാളികളായിരിക്കുകയാണ് ഡല്‍ഹി പോലീസെന്നും കെജ്‌രിവാള്‍ ട്വീറ്റിലൂടെ ആരോപിച്ചു.

ലെഫ്റ്റനന്റ് ഗവര്‍ണറിന് പകരം എഎപി സര്‍ക്കാരിന്റെ കീഴിലാണ് സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനമെങ്കില്‍ ഡല്‍ഹിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാകുമായിരുന്നെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button