മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേര്‍ക്കാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്. നേടിയിരുപ്പ് മേഖലയില്‍ നിന്ന് ആറും കൊണ്ടോട്ടി മേഖലയില്‍ നിന്ന് നാല് വീതവും പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മൂന്ന് പേര്‍ക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ടെയ്ന്‍മെന്റ് മേഖലയില്‍ ഉള്ള ആളുകള്‍ക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടിരുന്നത്. അതുകൊണ്ട് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഇരുന്നൂറില്‍ അധികം ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കരിപ്പൂര്‍ റെസ്‌ക്യൂ മിഷന്റെ ഭാഗമായതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുടെയും രോഗ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.