കോഴിക്കോട്: താന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ പോലും നാട്ടിലുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടി ചുമതലയുണ്ടെങ്കിലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണവും.
ഞാന്‍ കടുത്ത കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരാള്‍ വിളിച്ചിരുന്നു. ബിജെപിയോട് അനുഭാവം ഉള്ളയാളല്ല എന്ന് അദ്ദേഹം പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സഖാവാണെന്ന് പറഞ്ഞാണ് ഫോണ്‍ കോള്‍. ഞാന്‍ എന്ന സ്ത്രീ ഇവിടെ പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്. നമ്മളെല്ലാവരും ഈ നാട് നന്നാക്കാന്‍ വേണ്ടി പരിശ്രമിച്ചിട്ടുണ്ടല്ലോ. ഒരു കൈ എല്ലാവരും തരും എന്ന് വിശ്വസിക്കുകയാണ്.’ കോഴിക്കോടായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
സംസ്ഥാനത്ത് അതിവേഗ റെയില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അഭിപ്രായത്തെയും ശോഭാ സുരേന്ദ്രന്‍ തളളി. പാര്‍ട്ടി ഒറ്റയാള്‍ പട്ടാളമല്ല. അതിവേഗ റെയിലിനെ കുറിച്ചുളള പാര്‍ട്ടി തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് ശേഷമേ പറയുകയുളളു. കെ സുരേന്ദ്രന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് ഹര്‍ഷിന നടത്തുന്ന സമരത്തിന് പിന്തുണ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിക്കില്ല. വി മുരളീധരന് വരദാനമായി കിട്ടിയതാണ് മന്ത്രി പദം. അതുകൊണ്ട് തന്നെ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം. പാര്‍ട്ടി ഉപാദ്ധ്യക്ഷയേക്കാള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മന്ത്രിക്ക് സാധിക്കും. സമരപ്പന്തലിലേക്ക് മന്ത്രി വി മുരളീധരന്‍ എത്തിയിട്ടില്ല. കോഴിക്കോട്ടുകാരന്‍ എന്ന നിലയില്‍ അദ്ദേഹം എത്രയും പെട്ടെന്ന് സന്ദര്‍ശിക്കണം. ചുമതലകളില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.