കൊല്ലം: സംവിധായകൻ വി.കെ.പ്രകാശിനെതിരെ യുവ കഥാകാരി നൽകിയ പരാതിയിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെ 11.30-ന് നഗരത്തിലെ ഹോട്ടലിൽ പരാതിക്കാരിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ലൈംഗികാതിക്രമം നടന്നെന്ന് പരാതിക്കാരി മൊഴിനൽകിയ ഹോട്ടൽ പോലീസ് സ്ഥിരീകരിച്ചു. 2022 ഏപ്രിൽ നാലിന് വി.കെ.പ്രകാശ് കൊല്ലത്തെത്തി മുറിയെടുത്തതും ബാങ്ക് ട്രാൻസ്‌ഫർ വഴി വാടക അടച്ചതും കംപ്യൂട്ടറിലെ ഡിജിറ്റൽ രേഖകളുടെ പരിശോധനയിൽ പോലീസ് കണ്ടെത്തി.
നാലാം നിലയിൽ അടുത്തടുത്തുള്ള രണ്ടു മുറികളായിരുന്നു എടുത്തിരുന്നത്. ഇതിൽ ഒന്ന് വി.കെ.പ്രകാശിന്റെ പേരിലും രണ്ടാമത്തേത് ഇദ്ദേഹത്തിന്റെ അതിഥി എന്നനിലയിലുമാണ് കംപ്യൂട്ടർ രേഖകളിലുള്ളത്. ലൈംഗികാതിക്രമം നടന്ന മുറി പരാതിക്കാരി പോലീസിന് കാണിച്ചുകൊടുത്തു. കുറ്റകൃത്യം നടന്നതായി ആരോപിക്കുന്ന ദിവസം വി.കെ.പ്രകാശ് ഹോട്ടലിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വരുംദിവസങ്ങളിൽ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും.
സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ ഡി.ഐ.ജി. അജിതാ ബീഗം, പോലീസ് സൂപ്രണ്ട് മധുസൂദനൻ എന്നിവർ കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തുന്നുണ്ട്. കൊല്ലം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. പള്ളിത്തോട്ടം എസ്.എച്ച്.ഒ. ബി.ഷഫീക്കിന്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ വനിതാ സെൽ എസ്.ഐ. വി.സ്വാതി, ജി.എസ്.ഐ. കൃഷ്ണകുമാർ, ജി.എ.എസ്.ഐ. സരിത എന്നിവരും പങ്കെടുത്തു.