കോഴിക്കോട്: കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ അമിതവേഗത്തില്‍ എത്തിയ കാര്‍ പെട്ടെന്ന് നടുറോട്ടില്‍ നിന്ന് മണിക്കൂറുകളോളം യാതൊരു അനക്കവുമില്ലാതെ കിടന്നത് പരിസരത്ത് പരിഭ്രാന്തി പടര്‍ത്തി. കുറ്റ്യാടി പേരാമ്പ്ര റോഡില്‍ പാലേരി വടക്കുമ്പാട് തണലിന് സമീപമാണ് സംഭവം നടന്നത്. കാര്‍ നിര്‍ത്തിയ യുവാവ് ഉറങ്ങിപ്പോയതോടെയാണ് നാട്ടുകാരും പോലീസും വലഞ്ഞത്.
പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയ കാറില്‍ നിന്ന് സമയം ഏറെ കഴിഞ്ഞിട്ടും ആരും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ്, വാഹനം ഓടിക്കുന്ന യുവാവ് കാറില്‍ ഇരുന്ന് ഉറങ്ങുന്നത് കണ്ടത്. ഇയാളെ ഉണര്‍ത്താന്‍ നാട്ടുകാര്‍ കഴിയുന്നതുപോലെ ഒക്കെ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സീറ്റില്‍ ഇരുന്ന് യുവാവ് ഗാഢനിദ്രയില്‍ ആയിരുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യുവാവ് ഉണരാതിരുന്നതോടെ, നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. വേറെ മാര്‍ഗ്ഗമില്ലാതെ വന്നതോടെ, കാറിന്റെ ഡോര്‍ മുറിച്ച് മാറ്റി അയാളെ ഉണര്‍ത്താന്‍ ഫയര്‍ഫോഴ്സ് എത്തി. അതിന് മുന്നോടിയായി പോലീസും ഫയര്‍ഫോഴ്‌സ് അംഗങ്ങളും ചേര്‍ന്ന് കാര്‍ ശക്തിയായി പിടിച്ച് കുലുക്കി. പെട്ടെന്ന് ഞെട്ടിയുണര്‍ന്ന യുവാവ് ഡോര്‍ തുറന്ന് സ്വയം പുറത്തിറങ്ങി. വണ്ടിക്ക് പുറത്തുള്ള ആള്‍ക്കൂട്ടത്തെ കണ്ട അയാള്‍ ഞെട്ടി.
ആരോഗ്യ വകുപ്പ് ജീവനക്കാരനായ ആദില്‍ എന്ന യുവാവാണ് കാറില്‍ ഉണ്ടായിരുന്നത്. തുടര്‍ച്ചയായുള്ള നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറക്കം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കാര്‍ നിര്‍ത്തിയതാണെന്ന് യുവാവ് വ്യക്തമാക്കി. എന്തായാലും ഒരു ഉറക്കം കാരണം ഉണ്ടായ കോലാഹലം നാടിന് ഒരു കൗതുകമായി.