
ബെംഗളൂരു: ദൊഡ്ഡകമ്മനഹള്ളിയില്‍ ഭാര്യയെ കൊന്ന് സ്യൂട്ട് കേസിലാക്കി യുവാവ്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന രാകേഷ് രാജേന്ദ്ര ഖേഡേക്കര്‍ എന്ന മുപ്പത്തിയാറുകാരനാണ് 32 കാരിയായ ഗൗരി അനില്‍ സബേക്കറിനെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പുണെയിലേക്ക് രക്ഷപ്പെട്ട യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.
രാജേന്ദ്രയും ഗൗരിയും മഹാരാഷ്ട്ര സ്വദേശികളാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാകേഷ് പുണെയിലേക്ക് കടന്നുകളയുകയായിരുന്നു. പുണെയിലെത്തിയ ശേഷം ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് ഇയാള്‍ കൊലപാതക വിവരം തുറന്നുപറഞ്ഞു.
തുടര്‍ന്ന് ഇവര്‍ മഹാരാഷ്ട്ര പോലീസിനെ ബന്ധപ്പെട്ടു. മഹാരാഷ്ട്ര പോലീസ് ബെംഗളൂരു സൗത്ത്-ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. പോലീസെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ ഗൗരിയുടെ മൃതദേഹം കുളിമുറിയില്‍ ഒരു സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബുധനാഴ്ച രാത്രയോടെ ഭക്ഷണം കഴിക്കുമ്പോള്‍ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. വഴക്ക് മുറുകിയപ്പോള്‍ പ്രകോപിതയായ ഗൗരി കത്തിയെടുത്ത് രാകേഷിന് നേരേ എറിയുകയും അയാളുടെ ശരീരം മുറിയുകയും ചെയ്തു. അതേ കത്തിയെടുത്ത് രാകേഷ് ഗൗരിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
കഴുത്തിലും നെഞ്ചിലും വയറിലുമായി ഒട്ടേറെത്തവണ കുത്തി. ജീവന്‍നഷ്ടപ്പെട്ട ഗൗരിയെ ഇയാള്‍ സ്യൂട്ട് കേസില്‍ ഒളിപ്പിക്കുകയായിരുന്നു. പെട്ടിയില്‍ ഒതുങ്ങിയിരിക്കാന്‍ ഗൗരിയുടെ പല ശരീരഭാഗങ്ങളും ഇയാള്‍ മുറിച്ച് മാറ്റിയെന്നും പോലീസ് പറയുന്നു. പുണെയിലെത്തിയ ശേഷം വിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ച രാകേഷ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.