ചെയർമാൻ തിരഞ്ഞെടുപ്പിന്റെ പേരിൽ പക്ഷം പിടിക്കുന്നത് യൂത്ത്ഫ്രണ്ട് നിലപാടല്ല: യൂത്ത്ഫ്രണ്ട് (എം)
കോട്ടയം: കേരള കോൺഗ്രസ് ചെയർമാനെയും ലീഡറെയും തിരഞ്ഞെടുക്കുന്നതിനായി യൂത്ത് ഫ്രണ്ട് ഭാരവാഹികൾ പക്ഷം പിടിക്കുന്നത് പ്രശ്നം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ എന്ന് യൂത്ത്ഫ്രണ്ട് (എം) ഓഫീസ് ജനറൽ സെക്രട്ടറി എം മോനിച്ചൻ.
പാർട്ടിയിലെ പ്രശ്നങ്ങൾ നേതൃത്വം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ചെയർമാനെയും ലീഡറെയും തിരഞ്ഞെടുക്കണം എന്നും ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറിന്റെ നേതൃത്വത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫിനെയും, ഡെപ്യൂട്ടി ചെയർമാൻ CF തോമസിനെയും , വൈസ് ചെയർമാൻ ജോസ് കെ മാണിയെയും, പാർട്ടി എംഎൽഎമാരെയും നേരിൽ കണ്ട് യൂത്ത് ഫ്രണ്ട് ആദ്യമേ നിവേദനം നൽകിയിരുന്നു.
പാർട്ടിയിൽ സമവായ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ യൂത്ത് ഫ്രണ്ടിലെ ചില ഭാരവാഹികളുടെ നേതൃത്വത്തിൽ പക്ഷം പിടിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുകയേ ഉള്ളൂ എന്നും എം മോനിച്ചൻ പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കാൻ പക്വമായ നേതൃത്വം പാർട്ടിക്ക് ഉള്ളപ്പോൾ ചില യൂത്ത്ഫ്രണ്ട് ഭാരവാഹികൾ, പാർട്ടിയിൽ നിന്നും പുറത്താക്കപ്പട്ടവരെയും, സംസ്ഥാന കമ്മറ്റിയിൽ പോലും ഇല്ലാത്ത ചില ആളുകളെയും സംഘടിപ്പിച്ച് നടത്തിയ നീക്കം അനവസരത്തിലുള്ളതാണ്.
ജൂൺ 21 ന് നടക്കുന്ന യൂത്ത്ഫ്രണ്ട് (എം) ജന്മദിനത്തിന്റെ മുന്നോടിയായി ജൂൺ 15 ന് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ പാലായിൽ ചേരുന്ന യൂത്ത്ഫ്രണ്ട് സംസ്ഥാന നേതൃയോഗം പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി.ഉദ്ഘാടനം ചെയ്യും എന്നും മോനിച്ചൻ അറിയിച്ചു.