കോട്ടയം:ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ചുകയറി വസ്തുവകകൾ തീവെച്ച് നശിപ്പിക്കുക, പോലീസ്-എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമായ അതിരമ്പുഴ വില്ലേജിൽ പടിഞ്ഞാറ്റിൻഭാഗം കരയിൽ കാട്ടാത്തി മാവേലി നഗർ ഭാഗത്ത് വലിയതടത്തിൽ വീട്ടിൽ ബെന്നി ജോസഫ് മകൻ 22 വയസ്സുള്ള ഡെൽവിൻ ജോസഫ് എന്നയാളെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം-2007 (കാപ്പാ) പ്രകാരം നാടുകടത്തി.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഡെൽവിൻ ജോസഫിനെ ആറ് മാസത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, കുറവിലങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ചുകയറി വസ്തുവകകൾ തീവെച്ച് നശിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്.
കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കഞ്ചാവ് കേസ്സിലെ പ്രതിയെ രക്ഷപെടുത്തിയ കേസ്സിലും 2019 ആഗസ്റ്റിൽ അതിരമ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും ഡെൽവിൻ പ്രതിയാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്.