യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പ്: ഷാഫി പറമ്പിൽ പ്രസിഡൻ്റ്; ശബരിനാഥ് ഉൾപ്പെടെ 7 വൈസ് പ്രസിഡൻ്റുമാർ , ഭാരവാഹികളിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒപ്പത്തിനൊപ്പം
തിരുവനന്തപുരം:യൂത്ത് കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിൻ്റെ റിസൾട്ട് പുറത്തു വന്നപ്പോൾ സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒപ്പത്തിനൊപ്പമെത്തി. സംസ്ഥാന – ജില്ലാ തലങ്ങളിലെ ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് പ്രധാനമായും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
25 അംഗ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ പതിനാലെണ്ണം ഐ ഗ്രൂപ്പിനും പതിനൊന്നെണ്ണം എ ഗ്രൂപ്പിനും ലഭിച്ചു. 38 സംസ്ഥാന സെക്രട്ടറിമാരിൽ ഇരുഗ്രൂപ്പിനും 19 പേരെ വീതം ലഭിച്ചു. പ്രസിഡൻ്റടക്കം 71 അംഗ സംസ്ഥാന ഭാരവാഹികളിൽ 37 എ ഗ്രൂപ്പുകാരും 34 ഐ ഗ്രൂപ്പുകാരുമാണ് ഉള്ളത്.
സംസ്ഥാന പ്രസിഡൻ്റായി ഷാഫി പറമ്പിൽ MLA യെയും വൈസ് പ്രസിഡൻ്റുമാരായി K S ശബരിനാഥൻ MLA, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, N S നുസ്സൂർ, വിദ്യാ ബാലകൃഷ്ണൻ, S J പ്രേംരാജ്, S M ബാലു എന്നിവരെയും എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. 14 ജില്ലാ കമ്മിറ്റികളിൽ 8 എണ്ണം A ഗ്രൂപ്പിനും 6 എണ്ണം I ഗ്രൂപ്പിനും എന്ന ധാരണയും സംസ്ഥാനതലത്തിൽ ഉണ്ടായിരുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളാണ് ഐ ഗ്രൂപ്പിന് നൽകിയിരുന്നത്. മറ്റുള്ള എട്ട് ജില്ലകൾ എ ഗ്രൂപ്പിനും.
എന്നാൽ ഐ ഗ്രൂപ്പിന് നൽകിയ ആലപ്പുഴ കാസർകോട് ജില്ലകളിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് എതിരെ K C വേണുഗോപാൽ പക്ഷക്കാരുടെ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് വന്നിരുന്നു. ഈ രണ്ടു ജില്ലകളിലും ഔദ്യോഗിക പക്ഷക്കാരാണ് വിജയിച്ചത്. 140 നിയോജക മണ്ഡലം കമ്മിറ്റികളിൽ 80 എണ്ണം എ ഗ്രൂപ്പിനും 60 എണ്ണം ഐ ഗ്രൂപ്പിനുമാണ്. ജനറൽ സെക്രട്ടറിമാർ സി. പ്രമോദ്, എം. ധനീഷ്ലാൽ, ദുൽഖിഫിൽ വി.പി., നൗഫൽ ബാബു, ശോഭാ സുബിൻ കെ.എസ്, പ്രവീൺ പി., ഫറൂക്ക് ഒ, അബിൻ അർ എസ് , നിനോ അലക്സ്, അരുൺ കെ എസ്, ജിൻ്റൊ ജോൺ, പി കെ രാഗേഷ്, ഹാരിസ് ചിറക്കാട്ടിൽ, ബിനു ചുള്ളിയിൽ, ദിനേഷ് ബാബു എസ്, ഫൈസൽ എൻ, അഭിലാഷ് യു കെ, ആബിദലി കെ എ, ജോമോൻ ജോസ്, വൈശാഖ് പി എൻ, അഭിലാഷ് പി പി, റോബിൻ കെ ജോസ്, സിജോ ജോസഫ്, ശരണ്യ ഡി, വൈശാഖ് എസ് ദർശൻ. കൂടാതെ 38 സെക്രട്ടറിമാരുമുണ്ട്.