കളമശേരിയില്‍ പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യ,യുവാവ് അറസ്റ്റിൽ
കളമശേരി: പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചതു സൗത്ത് കളമശേരി ചുള്ളിക്കാവു അമ്പലത്തിനു സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ഫെബിനാണെന്നു (നിരഞ്ജൻ–20) പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കളമശേരി സ്വദേശിനിയായ വിദ്യാർഥിനിയെ ജൂലൈ 12നാണു കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഫെബിൻ പെൺകുട്ടിയെ നിരന്തരം പ്രേമാഭ്യർഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായും പ്രേമിച്ചില്ലെങ്കിൽ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ല എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർഥിനിയുടെ സഹപാഠികളിൽ നിന്നു മനസ്സിലാക്കി.
വിദ്യാർഥിനി പ്രേമാഭ്യർഥന നിരസിച്ചതിനാൽ ഫെബിൻ പെൺകുട്ടിയെക്കുറിച്ച് അപവാദം പറഞ്ഞുപരത്തുന്നത് പതിവാക്കിയിരുന്നു. യുവാവിന്റെ ശല്ല്യത്തെപ്പറ്റി പെൺകുട്ടി വീട്ടുകാരോടു പറഞ്ഞിരുന്നു. വീട്ടുകാർ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. കുറച്ച് ദിവസത്തേക്കു പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും വീണ്ടും ഫെബിൻ പെൺകുട്ടിയെ ശല്യം ചെയ്യുന്നതു തുടർന്നു.
പെൺകുട്ടി മരിച്ച ദിവസം വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴിക്ക് ഫെബിൻ പെൺകുട്ടിയെ തടഞ്ഞു നിർത്തി മറ്റു കുട്ടികളുടെ മുന്നിൽ വച്ച് അസഭ്യം പറയുകയും മുടിക്കു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസിക സംഘർഷത്തിലായ പെൺകുട്ടി അന്നു രാത്രി ജീവനൊടുക്കുകയായിരുന്നു.
ഫെബിൻ കാരണം പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല എന്ന് പെൺകുട്ടി പറഞ്ഞിരുന്നതായി അടുത്ത കൂട്ടുകാർ അറിയിച്ചു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന യുവാവിനെ ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എറണാകുളം കുണ്ടന്നൂരിൽ നിന്നു ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ സിപിഒമാരായ ശ്രീജിത്ത്, ഷിബു, ആദർശ് എന്നിവരാണ് ഉണ്ടായിരുന്നത്.