വീണ്ടും വില്ലനായി റോഡിലെ കുഴി; അങ്കമാലിയില്‍ ടാങ്കര്‍ ലോറി കയറി യുവാവിന് ദാരുണാന്ത്യം
അങ്കമാലി: വീണ്ടും ജീവന്‍ കവര്‍ന്ന് റോഡിലെ കുഴി. കറുകുറ്റി നോര്‍ത്ത് പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മഠത്തുംകുടി വീട്ടില്‍ എംസി പോളച്ചന്റെ മകന്‍ ജിമേഷ് (22) ആണ് ഇന്നലെ അങ്കമാലിയില്‍ നടന്ന റോഡ് അപകടത്തില്‍ മരിച്ചത്. അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നല്‍കി സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ യുവാവ് ടാങ്കര്‍ലോറി കയറി മരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ന് അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം.
റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ കാറിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്ന ജിമേഷ്, സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കാറിലിടിച്ച് ടാങ്കര്‍ ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. ടാങ്കര്‍ ലോറി ജിമേഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു.
ജിമേഷിന്റെ അമ്മയുടെ അമ്മ, താന്നിപ്പുഴ കോച്ചിലാന്‍ വീട്ടില്‍ മറിയം പൈലിക്ക് അന്ത്യചുംബനം നല്‍കി മടങ്ങിവരികയായിരുന്നു ജിമേഷ്. പിതാവിനെ മരണവീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനായി സ്‌കൂട്ടറില്‍ പീച്ചാനിക്കാട്ടേയ്ക്ക് വരുന്നതിനിടെ ആയിരുന്നു അപകടം. ടാങ്കര്‍ ലോറി ടിബി ജങ്ഷനില്‍ കൂടി കാലടി ഭാഗത്തേക്ക് വരികയായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എറണാകുളം ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ജിമേഷ് പഠനത്തിന്റെ ഭാഗമായി നായത്തോട് ക്വാളിറ്റി എയര്‍പോര്‍ട്ട് ഹോട്ടലില്‍ ട്രെയിനിയായി ജോലി ചെയ്ത് വരികയായിരുന്നു. അമ്മ: താന്നിപ്പുഴ കോച്ചിലാന്‍ കുടുംബാംഗം ഷൈജി. സഹോദരങ്ങള്‍: അനീഷ (നേഴ്‌സ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി), ജിസോ (വിദ്യാര്‍ത്ഥ). ശവസംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പള്ളി സെമിത്തേരിയില്‍.