ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയുമായി വൈകിട്ട് കൊടൈക്കനാലില്‍ ടൂര്‍ പോണം! ആശുപത്രിയില്‍ കിടന്ന് ബഹളം വെച്ച യുവാവ് അറസ്റ്റില്‍
അടിമാലി: ഉച്ചക്ക് പ്രസവിച്ച ഭാര്യയുമായി വൈകിട്ട് ടൂറു പോകണമെന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ ബഹളം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍. മൂന്നാര്‍ ചെണ്ടുവരെ സ്വദേശിയായ നവീന്‍ തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി താലൂക്ക് ആശുപത്രിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യപിച്ച് ലക്കു കെട്ട് കൊടൈക്കനാലിലേക്കു ടൂറു പോകണമെന്നാവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ പ്രശ്‌നമുണ്ടാക്കിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ സെല്‍വത്തെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് നവീന്റെ ഭാര്യ പ്രസവിച്ചത്. താനൊരു അച്ഛനായ സന്തോഷം വെള്ളമടിച്ച് ആഘോഷിക്കാന്‍ നവീന്‍ തീരുമാനിച്ചു. കൂട്ടുകാരന്‍ സെല്‍വവുമൊത്ത് അടുത്തുള്ള ബാറില്‍ പോയി നന്നായി മദ്യപിച്ചു. വെള്ളമടിച്ച് ഫിറ്റായപ്പോഴാണ് ഭാര്യയോട് സ്‌നേഹം കൂടിയത്. എന്നാപ്പിന്നെ ഒന്നു ടൂര്‍ പോയേക്കാം എന്നായി നവീന്‍. അങ്ങനെയാണ് ഇരുവരും കൂടി തിരികെ ആശുപത്രിയിലെത്തിയത്.
ലേബര്‍ റൂമിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഇരുവരെയും സെക്യൂരിറ്റി തടഞ്ഞു. ഇതോടെ വാക്കുതര്‍ക്കവും ബഹളവുമായി. പ്രശ്‌നം എന്താണെന്ന് ആശുപത്രി അധികൃതര്‍ ചോദിച്ചപ്പോഴാണ് വിചിത്രമായ ആഗ്രഹം നവീന്‍ മുന്നോട്ടു വെച്ചത്. ഭാര്യയുമായി കൊടൈക്കനാല്‍ ടൂര്‍ പോകണമെന്നും ഇപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്നുമായി നവീന്റെ ആവശ്യം. എന്നാല്‍ ആശുപത്രി അധികൃതര്‍ ആവശ്യം നിരസിച്ചു. യുവാവ് ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇരുവര്‍ക്കെതിരേയും കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.