CrimeKeralaNews

കൊച്ചിയിൽ തീപിടിച്ച വീട്ടില്‍ യുവതി വെന്തുമരിച്ചു; സംഭവം മാതാപിതാക്കള്‍ പുറത്തുപോയപ്പോള്‍, സഹോദരിയെ കാണാനില്ല

കൊച്ചി: തീപിടിച്ച വീടിനുള്ളിൽ യുവതിയെ വെന്തുമരിച്ച നിലയിൽ കാണപ്പെട്ടു. പറവൂർ പെരുവാരം 11-ാം വാർഡ് പനോരമ നഗറിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീടാണ് കത്തിനശിച്ചത്.

ശിവാനന്ദന്റെ രണ്ട് പെൺമക്കളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാൻ പുറത്തേക്കുപോയ സമയത്താണ് തീപിടിത്തമുണ്ടായത്. സംഭവത്തിലെ ദുരൂഹതകൾ മറനീക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

പോലീസ് പറഞ്ഞത് ഇങ്ങനെ: ശിവാനന്ദനും ഭാര്യ ജിജി, പെൺമക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരുമാണ് വീട്ടിൽ താമസിച്ചിരുന്നത്.

രണ്ടാമത്തെ മകൾ ഏതാനും നാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. അച്ഛനും അമ്മയും ഡോക്ടറെ കാണാൻ പുറത്തുപോയ സമയത്താണ് സംഭവം. ഇരുവരും ഡോക്ടറെ കാണാൻ ആലുവയിൽ പോയിരിക്കെ 12 മണിക്ക് മൂത്ത മകൾ വിസ്മയ വിളിച്ച് എപ്പോൾ വരുമെന്ന് തിരക്കി. രണ്ട് മണിക്ക് എത്താനാകുമെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.

വൈകീട്ട് മൂന്നു മണിയോടെ വീടിനുള്ളിൽ നിന്നു പുക ഉയരുന്നതുകണ്ട് പരിസരവാസികളാണ് വിവരം അധികൃതരെ അറിയിച്ചത്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. രണ്ട് മുറികൾ കത്തിനശിച്ചിരുന്നു. അതിലൊന്നിലാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

മുറിയുടെ വാതിലിന്റെ കട്ടിളയിൽ രക്തം വീണ പാടുണ്ടായിരുന്നു. രൂക്ഷമായ മണ്ണെണ്ണ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് പരിശോധിച്ച മാതാപിതാക്കൾ മൂത്ത മകൾ വിസ്മയയുടേതാണ് ലോക്കറ്റെന്ന് തിരിച്ചറിഞ്ഞെങ്കിലും ആളെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്.

രണ്ടാമത്തെ മകളെ രാത്രി വൈകിയും കണ്ടെത്താനായിരുന്നില്ല. ഇരുചക്ര വാഹനത്തിൽ മത്സ്യം വിൽക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബി.ബി.എ.യും ജിത്തു ബി.എസ്സി.യും പൂർത്തിയാക്കിയവരാണ്.സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിസ്മയയുടെ മൊബൈൽ ഫോൺ വീട്ടിൽനിന്നു കാണാതായിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker