കൽപറ്റ: മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ആത്മഹത്യ ചെയ്തതിനു പിന്നിൽ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്നങ്ങളെന്നു സൂചന. ഇന്നലെ വൈകിട്ടാണ് ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.കെ.ഇ.ഫെലിസ് നസീറിനെ (31) ആശുപത്രി ക്യാംപസിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് ഇളയിടത്തുകുന്ന് വയനാടൻ വീട്ടിൽ നസീറിന്റെ മകളാണ്.
ആറ് മാസം മുമ്പാണ് നിയമപരമായി ഫെലിസ് വിവാഹബന്ധം വേർപെടുത്തിയതെന്നു പൊലീസ് പറഞ്ഞു. മുൻ ഭർത്താവും ഡോക്ടറാണ്. ഇയാൾ മറ്റൊരു വിവാഹം കഴിച്ചെന്നാണു വിവരം. മുൻ ഭർത്താവുമായി ഫെലിസിനു സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസിനു സൂചന ലഭിച്ചു. ഫെലിസിനു ചെറിയ കുട്ടിയുണ്ട്.
ഫെലിസിന്റെ ഉമ്മ അസ്മാബീവി നഴ്സായിരുന്നു. അസ്മാബീവിയും നസീറും ഏറെക്കാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. സഹോദരൻ ഷാനവാസും ഗൾഫിലാണ്. തെക്കൻ ജില്ലയിൽനിന്നാണ് ഇവർ ജോലി സംബന്ധമായും പഠന ആവശ്യത്തിനുമായി കോഴിക്കോട് എത്തി ഫറോക്കിൽ വീട് വാങ്ങിയത്.
ഫെലിസ് മെഡിക്കൽ കോളജ് ക്യാംപസിലായിരുന്നു താമസം. അതിനാൽ നാട്ടുകാരുമായി ഇവർക്കു വലിയ ബന്ധമുണ്ടായിരുന്നില്ല. ഫറോക്കിലെ വീട്ടിൽ വല്ലപ്പോഴുമേ ഇവർ താമസത്തിനെത്തിയിരുന്നുള്ളു. വിവാഹമോചനത്തിനുശേഷം ഫെലിസ് മാനസിക സമ്മർദത്തിലായിരുന്നു എന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.