NationalNews

‘അപേക്ഷിക്കുന്നതിനു മുന്‍പ് ആലോചിക്കണം, നിങ്ങൾ തടവിലാകും’ മമതയുടെ മുന്നറിയിപ്പ്

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി ജെ പി രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള തീരുമാനം ഒരു ‘ലൂഡോ നീക്കമാണ്’ എന്നും മമത ആരോപിച്ചു.

പൗരത്വ അവകാശങ്ങൾ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണിത്. സിഎഎയുടെ നിയമസാധുതയിൽ തനിക്ക് സംശയമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ബിജെപി ഇപ്പോൾ നടത്തുന്നതെന്നും കാര്യങ്ങൾ വ്യക്തമാക്കുന്നില്ലെന്നും മമത ആരോപിച്ചു. “പൗരത്വ ഭേദഗതി നിയമം നിങ്ങൾക്ക് അവകാശങ്ങൾ നൽകുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

എന്നാൽ പൗരത്വത്തിന് അപേക്ഷിക്കുന്ന നിമിഷം മുതൽ നിങ്ങൾ നിയമവിരുദ്ധ കുടിയേറ്റക്കാരായി മാറുന്നു. നിങ്ങൾക്ക് നിങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടും. നിങ്ങൾ തടവിലാകും. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് ദയവായി ചിന്തിക്കണം” മമത ബാനർജി പറഞ്ഞു.

സിഎഎ നടപ്പിലാക്കിയതിന് ശേഷം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ (എൻആർസി) ജോലികള്‍ ആരംഭിക്കും. ഇതുവരെ അസമിൽ മാത്രം നടപ്പാക്കിയ ഇന്ത്യൻ പൗരന്മാരുടെ റെക്കോർഡാണ് എൻആർസി. പൗരത്വ ഭേദഗതി നിയമവും എൻആർസിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആളുകളെ തടവിലാക്കുകയാണ് ലക്ഷ്യം. ബംഗാളിൽ ഇത് സംഭവിക്കാൻ താൻ അനുവദിക്കില്ല. മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള പൗരത്വത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്നും മമത ബാനര്‍ജി ചോദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബംഗാള്‍ സര്‍ക്കാരിന്‍റെ തീരുമാനം. ഇന്ന് സിലിഗുരിയില്‍ റോഡ് ഷോ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും. മൈനാകില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസും ഇടത് പാർട്ടികളും പ്രതിഷേധം സംഘടിപ്പിക്കും.

കേരളവും തമിഴ്നാടും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന നിലപാടിലാണ്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കേരള സര്‍ക്കാര്‍ നിയമപരിശോധന തുടങ്ങി. സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

പൗരത്വ നിയമ ഭേദ​ഗതിയിൽ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രം​ഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചന സ്വഭാവമുള്ളതാണ് നടപടിയെന്ന് ഐക്യരാഷ്ട്രസഭ ആശങ്കയറിയിച്ചു. 2019ൽ തന്നെ ഞങ്ങൾ പറഞ്ഞതുപോലെ, പൗരത്വ നിയമ ഭേദ​ഗതി വിവേചനപരമായ സ്വഭാവത്തിലുള്ളതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണ്. യുഎൻ ഹൈക്കമ്മീഷണർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നടപടി മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയിൽ തന്നെയാണോ വരികയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വഭേദ​ഗതി നടപ്പാക്കാനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും ഇതെങ്ങനെ പ്രാവർത്തികമാകുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്കയും പ്രതികരിച്ചു. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ വിഭാ​ഗങ്ങൾക്കും നിയമപരമായ തുല്യതയും മൗലികവും ജനാധിപത്യപരവുമായ അവകാശമാണെന്നും യുഎസ് വക്താവ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. അമേരിക്കയുടെയും യുഎൻ ഹ്യൂമൻ റൈറ്റ്സ് ഓഫീസിന്റെയും അഭിപ്രായങ്ങളോട് വാഷിം​ഗ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല.

പുതിയ നിയമം മുസ്ലിം വിരുദ്ധമല്ലെന്നും മുസ്ലിം ഭൂരിപക്ഷമുള്ള അയൽരാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള നീക്കമാണെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും സർക്കാർ ആരോപിക്കുന്നു. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം തുടരാനാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഡൽഹിയിൽ അടക്കം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെ പ്രതിഷേധ റാലി ഇന്ന് നടക്കും. സിലിഗുരിയിലെ മൈനാകിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസും ഇടത് പാർട്ടികളും പ്രതിഷേധം സംഘടിപ്പിക്കും. അസമിലാണ് നിലവിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നത്. ഓൾ അസം വിദ്യാർത്ഥി യൂണിയൻ രാത്രി ഏറെ വൈകിയും ഗുവാഹത്തിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

ദിബ്രുഗഢിൽ വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിലും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രശ്നബാധിതമായ മേഖലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker