നോ പറയാൻ പഠിക്കണം, യെസ് പറയുക എളുപ്പമാണ്; സ്ത്രീകളോട് ഐശ്വര്യ റായ്
മുംബൈ:സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും ജനമനസ്സ് കീഴടക്കിയ താരമാണ് ഐശ്വര്യ റായ്. 48 കാരിയായ നടി അതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. നടിയുടെ ഒരു സിനിമ റിലീസ് ആയിട്ട് നാല് വർഷത്തോളമായി. പക്ഷെ ഐശ്വര്യയുടെ താരമൂല്യത്തിന് ഒരു കോട്ടവും ഇത് വരുത്തിയിട്ടില്ല. മണിരത്നത്തിന്റെ പുതിയ സിനിമ പൊന്നിയിൻ സെൽവത്തിലൂടെ ഐശ്വര്യയെ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഒരു രാഞ്ജിയുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. നടിയെ സിനിമയിലേക്കെത്തിച്ച സംവിധായകന്റെ ചിത്രമെന്ന പ്രത്യേകതയും ഐശ്വര്യയെ സംബന്ധിച്ച് ഈ സിനിമയ്ക്കുണ്ട്. ഐശ്വര്യയെക്കൂടാതെ വിക്രം, ജയം രവി, കാർത്തി, തൃഷ തുടങ്ങിയ വൻ താര നിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്.
കരിയറിൽ വൻ നേട്ടങ്ങൾ കൈവരിച്ച ഐശ്വര്യ സ്ത്രീകൾ ജീവിതത്തിൽ വിജയിക്കുന്നതിനാവശ്യമായ ചില ഉപദേശങ്ങളും നൽകിയിരുന്നു. നോ പറയാൻ പഠിക്കുന്നതാണ് സ്ത്രീകളുടെ ജീവിത വിജയത്തിനാവശ്യം എന്നാണ് ഐശ്വര്യ അഭിപ്രായപ്പെട്ട്. യെസ് പറയുക എളുപ്പമാണെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആസ്വദിക്കുക. പൂർണമായും ഇന്നിൽ ജീവിക്കുക. ജീവിതത്തിൽ തിരക്കു കൂട്ടാതിരിക്കുകയെന്നും ഐശ്വര്യ അഭിപ്രായപ്പെട്ടു. ഫിലിംഫെയറുമായുള്ള അഭിമുഖത്തിലായിരുന്നു ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.
മറ്റു നായികമാരെ പോലെ തിരക്കു പിടിച്ച സിനിമാ ജീവിതം ആയിരുന്നില്ല ഐശ്വര്യക്ക്. ഇടവേളയെടുത്താണ് കരിയറിൽ ഒരു സ്ഥാനം ലഭിച്ച ശേഷം ഐശ്വര്യ സിനിമകൾ ചെയ്തത്. വിവാഹ ശേഷവും അഭിനയം തുടർന്ന നടി പക്ഷെ മകൾ ആരാധ്യ ജനിച്ച ശേഷം ചെറിയ ഇടവേളയെടുത്തു. സരബ് ജിത്ത് എന്ന സിനിമയിലൂടെയാണ് ഐശ്വര്യ പിന്നീട് തിരിച്ചു വരവ് നടത്തിയത്.
പിന്നീടും നടി സജീവമായില്ല. സിനിമാ ജീവിതത്തിനപ്പുറം തനിക്ക് ഒരു കുടുംബമുണ്ടെന്നും അതിൽ ശ്രദ്ധ കൊടുക്കണമെന്നുമാണ് നടി കരിയറിലെ ഇടവേളയ്ക്ക് കാരണമായി പറയുന്നത്. ഫന്നി ഖാൻ ആണ് ഐശ്വര്യ റായുടെ അവസാനം റിലീസ് ചെയ്ത സിനിമ.
2007 ലാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി വിവാഹം കഴിക്കുന്നത്. ഗുരു എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിൽ ആവുന്നത്. സിനിമകളിൽ കൂടുതലായി കാണാറില്ലെങ്കിലും ഐശ്വര്യ ഫാഷൻ വേദികളിലെ താരമാണ്. അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിലെ റെഡ്കാർപറ്റിലും ഐശ്വര്യ റായ് തിളങ്ങിയിരുന്നു.
മണിരത്നം ഒരുക്കിയ ഇരുവർ ആണ് ഐശ്വര്യയുടെ ആദ്യ സിനിമ. അക്കാലത്ത് ലോക സുന്ദരിപ്പട്ടം ചൂടി പ്രശസ്തിയിൽ നിൽക്കുകയായിരുന്നു ഐശ്വര്യ. 1994 ലാണ് ഐശ്വര്യ ലോക സുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. നടി പിന്നീട് ഫാഷൻ ലോകത്തെ തരംഗമായി. ഐശ്വര്യയുടെ സൗന്ദര്യം അന്ന് വലിയ തോതിൽ ചർച്ചയുമായിരുന്നു. ബ്രെെഡ് ആന്റ് പ്രെജുഡൈസ് ഉൾപ്പെടെയുള്ള ഹോളിവുഡ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.