ശംഖ് വിളിക്കൂ, ശ്വാസകോശം കരുത്തുള്ളതാവും; കൊവിഡിനെ പ്രതിരോധിക്കാമെന്ന് യോഗ പരിശീലകര്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ശ്വാസം കിട്ടാതെയുള്ള മരണങ്ങളാണ് കൂടുതല്‍ സംഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ ശ്വസന പ്രക്രിയ സുഖമമായി നടക്കാന്‍ ശംഖ് വിളിക്കുന്നത് നല്ലതാണെന്ന് യോഗ വിദഗ്ധര്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലുള്ള യോഗ പരിശീലിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഇത്തരമൊരു ശ്രമവുമായി രംഗത്തെത്തിയത്.
ശംഖ് വിളിക്കുന്നത് ശ്വാസ കോശത്തിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നും ഇതിലൂടെ കോവിഡിനെ തടയാമെന്നും രത്തന്‍ സിന്‍ഹ എന്ന യോഗ ഗുരു പറയുന്നു. ഹിന്ദു, ബുദ്ധ മത വിശ്വാസമനുസരിച്ച് ശംഖ് വിളിക്കുന്നത് പ്രാധാന്യമുള്ള ചടങ്ങാണ്. തങ്ങളുടെ പാരമ്പര്യമാണ് ഇതെന്നും ഇത്തരത്തില്‍ സ്ഥിരമായി ശംഖ് വിളിക്കുന്നതിനാല്‍ ശ്വാസ കോശത്തിന് നല്ല ഉറപ്പും ശ്വസനപ്രക്രിയ അനായാസവുമാണെന്നും രത്തന്‍ സിന്‍ഹ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ പ്രദേശത്തുള്ളവര്‍ ഇപ്പോള്‍ രാവിലെ ആറ് മണിക്ക് അവരവരുടെ വീടുകളില്‍ ഇരുന്ന് ശംഖ് വിളിക്കാറുണ്ടെന്ന് വയോധികനായ ജിപി സിങ് പറയുന്നു. പ്രഭാത സവാരിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമായതിനാലും എല്ലാവരും വീടുകളില്‍ തന്നെ കഴിയുന്നതിനാലും ഇപ്പോള്‍ എല്ലാവരും രാവിലെ ഇത് ചെയ്യാറുണ്ട്. കുട്ടികളടക്കമുള്ളവര്‍ പങ്കാളികളാകുന്നു. അങ്ങനെ ഒരു പരസ്പരമുള്ള ഒരു ഐക്യവും ഈ പ്രവര്‍ത്തിയിലൂടെ കിട്ടുന്നുവെന്നും ജിപി സിങ് വ്യക്തമാക്കി. മാത്രമല്ല നെഗറ്റീവ് എനര്‍ജിയെ അകറ്റി നിര്‍ത്താന്‍ ശംഖിന്റെ ശബ്ദത്തിന് സാധിക്കുമെന്നും ജിപി സിങ് അവകാശപ്പെട്ടു.
യോഗ പരിശീലിക്കുന്ന ഓരോ വ്യക്തിയും ഇപ്പോള്‍ രാവിലെ ഒരു അഞ്ച് മിനിറ്റെങ്കിലും ശംഖൂതുന്നുണ്ടെന്ന് സമീര്‍ ഖന്ന എന്നയാളും സാക്ഷ്യപ്പെടുത്തുന്നു. കോവിഡില്‍ ഇപ്പോള്‍ ആളുകള്‍ ശ്വാസം എടുക്കാനാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇത്തരം അവസ്ഥകള്‍ വരാതെയിരിക്കാന്‍ ശംഖൂതുന്നത് നല്ലതാണ്. അതിലൂടെ ശ്വസന പ്രക്രിയ അനായസമാകുന്നു. ശ്വാസ കോശത്തിന് ശക്തിയും ശ്വാസമെടുക്കാനുള്ള കരുത്തും വര്‍ധിക്കുമെന്നും സമീര്‍ ഖന്ന പറഞ്ഞു.
ഇതിന്റെ ശാസ്ത്രീയത സംബന്ധിച്ച് തങ്ങള്‍ക്ക് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്ന് യോഗ ഗ്രൂപ്പിലെ അംഗങ്ങള്‍ പറയുന്നു. എന്നാല്‍ സ്ഥിരമായി തങ്ങള്‍ ശംഖൂതുന്നതിനാല്‍ ശ്വസന പ്രക്രിയ അനായാസം നടക്കുന്നുവെന്നാണ് അംഗങ്ങള്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ മാസം ആദ്യം മുതല്‍ക്കാണ് തങ്ങള്‍ ഇത്തരമൊരു പരിശീലനം ആരംഭിച്ചത്. അതിന് ശേഷം ശ്വസനം അനായസമാകുകയും മാത്രമല്ല ഒരു പോസിറ്റീവ് മനോഭാവം സ്വന്തമാക്കാന്‍ സാധിച്ചെന്നും ഖന്ന കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളടക്കമുള്ളവരും ഈ കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. വീട്ടിനകത്ത് ശംഖൂതുന്നത് വീട്ടിലെ അന്തരീക്ഷത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചെന്ന് അവരും അടിവരയിടുന്നു.