ന്യൂഡല്‍ഹി: സിംബാബ്‌വെയ്‌ക്കെതിരായ അവസാന ടി20 മത്സരത്തില്‍ പവര്‍പ്ലേയ്ക്കിടെത്തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ എന്നിവരാണ് പുറത്തായത്. പിന്നീട് മലയാളി താരവും വൈസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ രക്ഷകവേഷമണിഞ്ഞതോടെയാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ ലഭിച്ചത്.
ക്രീസില്‍ നിലയുറപ്പിച്ച ശേഷം ആക്രമിച്ചു കളിച്ച സഞ്ജു 45 പന്തില്‍നിന്ന് 58 റണ്‍സാണ് നേടിയത്. നാല് സിക്‌സും ഒരു ബൗണ്ടറിയും ചേര്‍ന്ന ഇന്നിങ്‌സായിരുന്നു. അതിന്റെ ആനുകൂല്യത്തില്‍ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 18.3 ഓവറില്‍ 125-ന് പുറത്തായി. ഇതോടെ പരമ്പര ഇന്ത്യ (4-1) നേടി. ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
യശസ്വി ജയ്‌സ്വാള്‍ കുറിച്ച ഒരു ലോക റെക്കോഡ് നേട്ടമാണ് അവസാന ടി20 മത്സരത്തിലെ മറ്റൊരു പ്രത്യേകത. ഓപ്പണിങ്ങില്‍ ഇറങ്ങിയ ജയ്‌സ്വാള്‍ ആദ്യ ഓവറിലെ രണ്ടാം പന്ത് എറിയും മുന്നെത്തന്നെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 13-0 എന്ന നിലയിലെത്തിച്ചു. ഇതെങ്ങനെയെന്നല്ലേ. സിക്കന്ദര്‍ റാസയെറിഞ്ഞ ആദ്യ പന്തുതന്നെ ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സിന് പറത്തി ജയ്‌സ്വാള്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നു. ഹൈ ഫുള്‍ടോസായി വന്ന പന്ത്, അമ്പയര്‍ നോബോളെന്ന് വിധിച്ചതോടെ ഇന്ത്യ ഒരു പന്തുപോലുമാവാതെ ഏഴ് റണ്‍സ് നേടി.
Yashasvi Jaiswal became the first batter in history to score 13 runs on the 1st ball of a T20i. 🌟pic.twitter.com/98j63xmtGu
— Mufaddal Vohra (@mufaddal_vohra) July 14, 2024
തുടര്‍ന്ന് റാസയെറിഞ്ഞ ഫ്രീഹിറ്റ് ലെങ്ത് ഡെലിവറി, ജയ്‌സ്വാള്‍ വീണ്ടും അതിര്‍ത്തി കടത്തി സിക്‌സാക്കി. തുടര്‍ച്ചയായ രണ്ടാം സിക്‌സ്. ഇതോടെ ആദ്യ പന്തിലെ സിക്‌സും നോബോളിലെ എക്‌സ്ട്രാ റണ്ണും രണ്ടാം പന്തിലെ സിക്‌സും ചേര്‍ത്ത് ഒരു പന്തില്‍ ഇന്ത്യയുടെ സ്‌കോര്‍ 13 റണ്‍സ്. ടി20 ക്രിക്കറ്റില്‍ നിയമപരമായ ആദ്യ പന്തില്‍ 12 റണ്‍സ് നേടുന്ന ആദ്യ താരമായി ജയ്‌സ്വാള്‍ മാറി. ഓവറിലെ നാലാംപന്തില്‍ത്തന്നെ ജയ്‌സ്വാള്‍ പുറത്താവുകയും ചെയ്തു (12 റണ്‍സ്).