ഡെറാഡൂൺ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ കൂടുതൽ സുരക്ഷയുള്ള പ്രൈവറ്റ് സ്യൂട്ടിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന താരത്തിന് അണുബാധയുണ്ടായേക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണു നീക്കം. പ്രൈവറ്റ് സ്യൂട്ടിലേക്കു താരത്തെ മാറ്റാൻ നിർദേശിച്ചതായി ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
‘‘അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ ഋഷഭ് പന്തിനെ കാണുന്നതിനായി ആശുപത്രിയിലെത്തുന്നത് ഒഴിവാക്കണം. താരത്തെ കാണാൻ വിഐപികളെയൊന്നും അനുവദിച്ചിട്ടില്ല. ആശുപത്രിയിലെ ഡോക്ടർമാരുമായി ബിസിസിഐയുടെ ഡോക്ടർമാരും ചർച്ച നടത്തുന്നുണ്ട്. കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണു പന്ത് പറഞ്ഞത്.’’– ശ്യാം ശർമ വ്യക്തമാക്കി.
താരത്തിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നും ശ്യാം ശർമ വ്യക്തമാക്കി. ഋഷഭ് പന്തിന്റെ ചികിത്സയ്ക്കാവശ്യമായ എല്ലാ സഹായവും സര്‍ക്കാർ ഉറപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 30ന് പുലർച്ചെ വീട്ടിലേക്കു വാഹനം ഓടിച്ചു പോകുന്നതിനിടെയാണ് റൂർക്കിക്കു സമീപത്തുവച്ച് പന്ത് അപകടത്തിൽപെട്ടത്. ഡിവൈഡറിൽ ഇടിച്ചുകയറിയ കാർ കത്തിനശിക്കുകയായിരുന്നു.
ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണു പന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തലയ്ക്കും കാലിനും മുതുകിനും പരുക്കേറ്റ താരത്തിന് കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു.