കൊവിഡിനെത്തുടർന്ന് ഭൂരിഭാഗം ആളുകളും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്.ജോലി സാഹചര്യങ്ങളെല്ലാം മാറിയതോടെ കൂടുതൽ സമ്മർദ്ദത്തിന് അടിപ്പെടുകയാണ് പലരും.പ്രത്യേകിച്ച് സ്ത്രീകളും അണുകുടുംബങ്ങളായി കഴിയുന്നവരും. വീട്ടുജോലിയും കുട്ടികളുടെ ഓൺലൈൻ പഠനവും എല്ലാം ജോലിക്കൊപ്പം കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ്.ജോലിസ്ഥലത്തെ സാമൂഹിക അന്തരീക്ഷം കൂടിയാണ് പലർക്കും അന്യമായത്. ഓഫീസിലേക്കുള്ള യാത്രയും കൂട്ടുകാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം ആശ്വാസമായി കണ്ടിരുന്നവർ ഉണ്ട്. വീട്ടിലിരിക്കുമ്പോഴും ജോലി ആസ്വദിച്ച് തന്നെ ചെയ്യണം. ശാരീരികമായും മാനസികമായും ഉൻമേഷവാൻമാൻമാരായി ഇരുന്നാൽ മാത്രമേ ജോലിയിലും അതിന്‍റെ ഫലം ഉണ്ടാവുകയുള്ളൂ.
എല്ലാത്തിനും ചിട്ട വേണം– വീട്ടിലിരുന്നല്ലേ ജോലി.എപ്പോൾ വേണമെങ്കിലും ആവാമല്ലോ എന്ന ചിന്ത ആദ്യം മാറ്റി വയ്ക്കണം. ഷിഫ്റ്റ് അല്ലാതെ ജോലി ചെയ്യുന്നവരാണെങ്കിലും കൃത്യ സമയം കണ്ടെത്തി ജോലി പൂർത്തിയാക്കുക. വൈദ്യുത തടസ്സം മുതൽ കുട്ടികളുടെ വാശി വരെ ജോലിക്ക് തടസ്സമാവാം എന്ന കാര്യം മറക്കരുത്. ഓഫീസിൽ പോയിരുന്നത് പോലെ മണിക്കൂർ കണക്കാക്കി തന്നെ ജോലി ചെയ്യണം.
ശരിയായ അന്തരീക്ഷവും ഇരുത്തവും– ഡൈനിങ് ടേബിളിലോ ടിവിക്ക് മുന്നിലോ ഇരുന്ന് ജോലി ചെയ്യുന്ന ശീലം നല്ലതല്ല. ബഹളങ്ങളിൽ നിന്ന് മാറി,വീട്ടിൽ ഒരു സ്ഥലത്ത് വർക്ക് സ്പേസ് തയ്യാറാക്കണം. കമ്പ്യൂട്ടറോ ലാപ്‍ടോപോ ഉപയോഗിച്ച് ജോലി ചെയ്യുന്നവരാകും ഭൂരിഭാഗവും. മേശയും കസേരയും ഉപയോഗിച്ച് ശരിയായി ഇരിക്കണം. കാലുകൾ നിലത്ത് മുട്ടിച്ച് നിവർന്നിരിക്കണം. ഓഫീസ് ചെയറുകൾ തന്നെ കഴിവതും ഉപയോഗിക്കുക.
കമ്പ്യൂട്ടർ അകലത്തിൽ വെക്കുക– നല്ല വെളിച്ചമുള്ള സ്ഥലത്ത് തന്നെ ജോലി ചെയ്യാൻ ശ്രദ്ധിക്കുക. ഒരിക്കലും ലാപ്‍ടോപ് മടിയിൽ വച്ച് ജോലി ചെയ്യരുത്. കണ്ണുകളും മോണിറ്ററും ഒരേ ലെവലിൽ വരുന്ന രീതിയിൽ സ്ക്രീൻ സെറ്റ് ചെയ്യണം. ഒരടിയെങ്കിലും അകലെയായിരിക്കണം സ്ക്രീൻ.കണ്ണുകൾക്ക് ആശ്വാസം നൽകുന്ന തരത്തിലുള്ള കണ്ണടകൾ ഉപയോഗിക്കാം. മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നവരാണെങ്കിലും ഇക്കാര്യങ്ങൾ മറക്കരുത്.
ഇടവേളകൾ അനിവാര്യം– ഒറ്റയടിക്ക് മണിക്കൂറുകളോളം ജോലി ചെയ്യുന്നത് ഒഴിവാക്കണം. ഓരോ മണിക്കൂറും കഴിയുമ്പോൾ അഞ്ച് മിനിറ്റ് ബ്രേക്ക് എടുക്കണം. ആ സമയത്ത് എഴുന്നേറ്റ് നടക്കുകയോ സ്ട്രെചിങ് എക്സൈസ് ചെയ്യുകയോ ആവാം. കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർ കണ്ണിന് വിശ്രമം നൽകണം.രണ്ട് മിനിറ്റ് കണ്ണടച്ചിരിക്കുകയോ തണുത്ത വെള്ളത്തിൽ കഴുകുകയോ വേണം. ഒപ്പം കഴുത്തിനും വ്യായാമം നൽകണം.
ഭക്ഷണവും വെള്ളവും മറക്കരുത്– വീട്ടിലാണെങ്കിൽ ഇടക്കിടെ ചായയോ കാപ്പിയോ കുടിക്കുകയോ സ്നാക്സ് കഴിക്കുകയോ ചെയ്യുന്നവരാകും അധികവും. എന്നാൽ ഇത് പൂർണമായും ഒഴിവാക്കണം. ഇടവേളകളിൽ ഒരു ഗ്ലാസ് പഴച്ചാർ കഴിക്കുന്നത് ഉന്മേഷം കൂട്ടും. സ്നാക്സ് ആയി ഡ്രൈ ഫ്രൂട്ട്സ് കഴിക്കാം. എന്നാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ മറക്കരുത്. ഒപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. ഒരു ജഗ് വെള്ളം ജോലി ചെയ്യുന്ന മുറിയിൽ തന്നെ വയ്ക്കാം.
ഉറക്കവും പ്രധാനം– ജോലിസമയം ക്രമീകരിക്കുന്നതു പോലെ ഉറക്കത്തിനും കൃത്യ സമയം കണ്ടെത്തണം. ആറ്മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം. ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് ഇത് അനിവാര്യമാണ്. ജോലി കൂടുതൽ ഉണ്ടെങ്കിലും ഉറക്കം കളഞ്ഞ് ജോലി ചെയ്യരുത്. പലവിധ രോഗങ്ങൾ പിടിപെടാൻ ഉറക്കക്കുറവ് കാരണമാകാം. ഒപ്പം തലവേദനയും ശരീരവേദനയും അനുഭവപ്പെടാം. കൂടുതൽ സമ്മർദ്ദത്തിൽ പെടാനും ഉറക്കക്കുറവ് കാരണമാകാം.
കുട്ടികളെ നിയന്ത്രിക്കാൻ– ജോലി സമയത്ത് മിക്കപ്പോഴും ചെറിയ കുട്ടികൾ ശല്യപ്പെടുത്താൻ എത്താം. അവർ ഉറങ്ങുന്ന സമയം കണക്കാക്കി നമ്മുടെ ജോലി സമയം ക്രമീകരിക്കാൻ ശ്രമിക്കുകയാണ് ആദ്യം
ചെയ്യേണ്ടത്. പലരും കുട്ടികളെ കാർട്ടൂണിന് മുന്നിലിരുത്തുകയാണ് കണ്ടെത്തുന്ന പോംവഴി. എന്നാൽ കുട്ടികൾ മണിക്കൂറുകളോളം ടിവിക്ക് മുന്നിൽ സമയം ചെലവഴിക്കുന്നതും നല്ലതല്ല. കളറിങ്, ബിൽഡിങ് ബ്ലോക്ക് തുടങ്ങി കൂടുതൽ സമയം കുട്ടികൾ ചെലവഴിക്കുന്ന കളികളിലേക്ക് അവരെ ആകർഷിക്കാം. ഓൺലൈൻ ക്ലാസുള്ള കുട്ടികളാണെങ്കിൽ , അവർക്ക് വർക്ക് കൊടുത്ത് ഒപ്പം നമുക്കും ജോലി ചെയ്യാം.ജോലി ചെയ്യേണ്ടുന്നതിന്‍റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം.
സമ്മർദ്ദം കുറയ്ക്കാൻ വ്യായാമം– സഹപ്രവർത്തകർ ഒന്നുമില്ലാതെ ഒറ്റയ്ക്ക് ഒരു റൂമിൽ ഇരുന്ന് ജോലി ചെയ്യുന്നത് സമ്മർദ്ദം കൂട്ടും. ഓൺലൈൻ മീറ്റിങ്ങുകളിൽ അല്ലാതെ വ്യക്തിപരമായി സഹപ്രവർത്തകരെയോ സുഹൃത്തുക്കളെയോ വീഡിയോ കോൾ ചെയ്ത് വിശേഷം പങ്കു വയ്ക്കാം. ഇടക്ക് പാട്ട് കേൾക്കുകയോ, പൂന്തോട്ടത്തിൽ നടക്കുകയോ ഒക്കെ ചെയ്യാം. പാചകവും സമ്മർദ്ദം കുറക്കാൻ നല്ലതാണ്. വ്യായാമവും യോഗയും ശീലമാക്കുന്നതും സമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്.
കൗൺസിലിങ് വേണോ?– കുടുംബത്തിൽ നിന്നും മാറി നിന്ന് ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പലരും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടാകും.ഒപ്പം ജോലി സമ്മർദ്ദവും ജോലി തീർക്കാനുള്ള സമയക്കുറവും എല്ലാം ഡിപ്രഷനിലേക്ക് തള്ളിവിടാം. മാർക്കറ്റിങ് ഉൾപ്പടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർ പ്രത്യേകിച്ചും. കൂട്ടുകാരും വീട്ടുകാരുമായും ദിവസത്തിൽ ഒരിക്കലെങ്കിലും ഫോണിൽ സംസാരിക്കണം.സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് തോന്നുകയാണെങ്കിൽ ആരോഗ്യവിദഗ്ധന്‍റെ സഹായം തേടി കൗൺസിലിങ്ങിന് വിധേയമാകണം.
ഓരോ ദിവസവും ഒരു പുതിയ തുടക്കമായി കണ്ടാൽ സമ്മർദ്ദങ്ങളില്ലാതെ ജോലി ചെയ്യാനാവും .ശാരീരികവും മാനസികവുമായ ഉല്ലാസം തോന്നുന്നില്ലെങ്കിൽ സഹപ്രവർത്തകരുമായി സംസാരിച്ച് ഒരു ഇടവേളയെടുക്കുന്നത് നന്നാവും. ഒന്ന് ഫ്രഷായി തിരിച്ചുവരുന്നത് കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യുന്നതിന് സഹായിക്കും.