27.8 C
Kottayam
Wednesday, October 4, 2023

വനിതാ സംവരണ ബിൽ അവതരിപ്പിച്ചു: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംവരണം നടപ്പാകില്ല

Must read

ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാള്‍ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.

വനിതാ സംവരണം നിലവിൽ വന്നാൽ ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. ബില്‍ നിയമമാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും. എന്നാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. അതേസമയം രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല.

നേരത്തെ സഭ പാസാക്കിയ ബിൽ നിലവിലിരിക്കെ പുതിയ ബില്ലിൽ സാങ്കേതിക പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളംവെച്ചു.

നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍. അതുവഴി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും.

ബില്‍ പ്രകാരം പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കണം. ഈ സംവരണ സീറ്റുകള്‍ ചാക്രിക ക്രമത്തില്‍ മാറും. യു.പി.എ. ഭരണകാലത്ത് 2008-ല്‍ കൊണ്ടുവന്ന ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു. പിന്നീട് പത്തുവര്‍ഷത്തിലേറെയായിട്ടും ബില്‍ ലോക്സഭയില്‍ വന്നില്ല.

ഭരണഘടനയുടെ 108-ാം ഭേദഗതി ബില്‍ എന്നറിയപ്പെടുന്ന ഈ ബില്‍ 2008-ലാണ് തയ്യാറാക്കിയതെങ്കിലും 2010-ലാണ് രാജ്യസഭ പാസാക്കിയത്. രാജ്യസഭയില്‍ അന്ന് നടന്ന ബില്‍ ചര്‍ച്ചയ്ക്കിടയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുയര്‍ത്തി ബില്ലിന്റെ പ്രതികള്‍ കീറിയെറിഞ്ഞിരുന്നു.

വനിതാ സംവരണത്തിനുള്ളില്‍ ജാതി സംവരണം വേണമെന്നായിരുന്നു ഈ പാര്‍ട്ടികളുടെ വാദം. രാഷ്ട്രീയ എതിര്‍പ്പ് രൂക്ഷമായതിനെത്തുടര്‍ന്ന് ലോക്സഭ ബില്‍ പിന്നീട് പരിഗണിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അവതരിപ്പിക്കുന്ന ആദ്യ ബില്ലായി എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week