വാഷിംഗ്ടണ്‍: മരിച്ചെന്നു വിധിയെഴുതി ഫ്യുണറല്‍ ഹോമില്‍ സംസ്‌കാരത്തിനെത്തിച്ച യുവതിക്ക് ജീവന്‍ തിരിച്ചു കുട്ടി. യു.എസിലെ മിഷിഗണിലാണ് സംഭവം. ഇരുപതുകാരിയായ യുവതിയാണ് ‘മരിച്ച’ ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
വീട്ടില്‍ യുവതിയെ ചലനമറ്റ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മാതാവ് അടിയന്തിര വൈദ്യ സഹായം തേടിയിരുന്നു. സംഭവ സ്ഥലത്തെത്തിയ പാരാ മെഡിക്കല്‍ സംഘം മുപ്പത് മിനിറ്റോളം സി.പി.ആര്‍ അടക്കം പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും യുവതിക്ക് അനക്കം ഉണ്ടായില്ല. ഇതോടെ യുവതി മരിച്ചെന്ന് സംഘം അറിയിച്ചു.
തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി ഫ്യുണറല്‍ ഹോമിലെത്തിച്ചപ്പോഴാണ് അത്ഭുതം സംഭവിച്ചത്. യുവതിക്ക് ശ്വാസം ഉണ്ടെന്ന് ഫ്യുണറല്‍ ഹോം ജീവനക്കാര്‍ അമ്മയെ അറിയിക്കുകയായിരുന്നു. ആദ്യം വിശ്വസിക്കാന്‍ തന്നെ പ്രയാസപെട്ടുവെന്നാണ് അമ്മ പറയുന്നത്.
ജീവനുള്ള ഒരാള്‍ മരിച്ചു എന്നു എങ്ങനെയാണ് അവര്‍ക്ക് പറയാന്‍ കഴിഞ്ഞതെന്നും യുവതിയുടെ അമ്മ ചോദിച്ചു. ഫ്യുണറല്‍ ഹോമിലെ ആളുകള്‍ നല്‍കിയ വിവരം അനുസരിച്ചു സ്ഥലത്ത് എത്തിയ മെഡിക്കല്‍ സംഘം യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.