27.8 C
Kottayam
Wednesday, May 29, 2024

കരാട്ടെക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമം; കൊച്ചിയില്‍ കൗമാരക്കാരായ ബൈക്ക് മോഷ്ടാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

Must read

കൊച്ചി: കൊച്ചിയില്‍ തന്റെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കൗമാരക്കാരായ ബൈക്ക് മോഷ്ടാക്കളെ കാരാട്ടെക്കാരിയായ യുവതി ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മൂവര്‍ സംഘത്തിലെ ഒരാളെ യുവതി ഓടിച്ചിട്ടു പിടികൂടിയ ശേഷം മൂന്നു പേര്‍ക്കുമെതിരെ കേസെടുപ്പിക്കുകയായിരിന്നു. മുളന്തുരുത്തി സ്വദേശിനിയായ ഡെല്‍സിയാണ് കുട്ടിമോഷ്ടാക്കള്‍ക്ക് എട്ടിന്റെ പണി കൊടുത്തത്. യുവതി ഓടിച്ചിട്ട് പിടികൂടിയ കൗമാരക്കാരനും കൂടെയുണ്ടായിരുന്ന പയ്യന്മാര്‍ക്കും പതിനേഴ് വയസായിരിന്നു പ്രായം.

തിരുവാങ്കുളത്ത് ഹോട്ടല്‍ നടത്തുന്ന ഡെല്‍സി തിങ്കളാഴ്ചയാണ് മൂന്ന് പേരെയും ആദ്യം കണ്ടത്. രാത്രി 9 മണിക്ക് ഹോട്ടലില്‍ എത്തിയ ഇവര്‍ പണം കൊടുക്കാതെ പാഴ്‌സല്‍ വാങ്ങി പോകാന്‍ ശ്രമിച്ചിരുന്നു. ബൈക്കില്‍ കയറി പാഞ്ഞ ഇവരെ ഹോട്ടല്‍ പാര്‍ട്ണര്‍ ജോയി പിന്തുടര്‍ന്നു. കാര്‍ അടുത്ത് നിര്‍ത്തിയതോടെ ബൈക്ക് കാറിലേക്ക് മറിച്ചിട്ട് മൂവരും ഓടി രക്ഷപെടുകയായിരുന്നു.

താക്കോലില്ലാതെ കേബിള്‍ വയര്‍ കൂട്ടിമുട്ടിച്ചാണ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിരുന്നതെന്ന് കണ്ടെത്തി. മോഷ്ടിച്ച ബൈക്കാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

പിന്നീട് ചൊവ്വാഴ്ച്ച രാവിലെ ഹോട്ടലിലേക്കുള്ള വഴിയിലാണ് ഡെല്‍സി മൂവരെയും വീണ്ടും കണ്ടത്. സംശയം തോന്നി അടുത്തെത്തി ചോദ്യം ചെയ്തതോടെ തലേ ദിവസം ഉണ്ടായ സംഭവം ഇവര്‍ സമ്മതിച്ചു. പോലീസില്‍ ഏല്‍പ്പിക്കരുതെന്ന് ഒരാള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും മറ്റൊരാള്‍ തന്റെ മാലയില്‍ ലക്ഷ്യം വെക്കുന്നത് ഡെല്‍സി ശ്രദ്ധിച്ചു. കൈയില്‍ പിടിച്ച് വലിക്കാനും കൂട്ടത്തിലുള്ള ഒരാള്‍ ശ്രമിച്ചു. ഉടനെ ഡെല്‍സി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ഇതുകണ്ട് മൂവരും ഓടി രക്ഷപെടാന്‍ നോക്കിയെങ്കിലും ഒരു കിലോമീറ്ററോളം പിന്നാലെ ഓടിയ ഡെല്‍സി ഒരാളെ പിടിച്ചുനിര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. പതിനേഴുകാരനു പിന്നാലെ ഓടുന്നത് കണ്ടിട്ടും കവലയിലുണ്ടായിരുന്ന ആരും സഹായിക്കാനെത്തിയില്ലെന്ന് യുവതി പറഞ്ഞു. കരാട്ടെ ചാമ്പ്യന്‍ കൂടിയായ ഡെല്‍സിയുടെ ധൈര്യം മൂലമാണ് പ്രതികളില്‍ ഒരാളെയെങ്കിലും പിടികൂടാനായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week