KeralaNews

‘വുമൺ ഓൺ വീൽസ്’ തട്ടിപ്പ്‌: പറവൂരിൽ ഇരയായത്‌ 2200 പേർ; നഷ്ടമായത് കോടികള്‍, എ.എന്‍.രാധാകൃഷ്ണനുമായി അടുത്ത ബന്ധം

കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്രവാഹനം നൽകാമെന്ന്‌ പറഞ്ഞ്‌ അനന്തുകൃഷ്‌ണൻ നടത്തിയ തട്ടിപ്പിൽ പറവൂരിൽ ഇരയായത്‌ 2200 പേർ. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ‘വുമൺ ഓൺ വീൽസ്’ പദ്ധതിയിൽ നാഷണൽ എൻജിയോസ്‌ കോൺഫെഡറേഷന്റെ സഹകരണത്തോടെ പറവൂരിലെ ജനസേവ സമിതി ട്രസ്‌റ്റ് മുഖേന പണം നൽകിയ 2200 പേർക്ക്‌ വാഹനം ലഭിച്ചില്ല. ഒരു വർഷത്തിനുമുമ്പ്‌ പണമടച്ചവരും കൂട്ടത്തിലുണ്ട്.

വാഹനങ്ങളും ഗൃഹോപകരണങ്ങളും ലഭിക്കാത്തവർ പ്രതിഷേധവുമായി മുനിസിപ്പൽ ടൗൺഹാളിന്‌ സമീപത്തെ ട്രസ്റ്റ് ഓഫീസിലെത്തി. പ്രതിഷേധം ശക്‌തമായതോടെ പൊലീസ്‌ സാന്നിധ്യത്തിൽ ട്രസ്‌റ്റ് ഭാരവാഹികളുമായി ചർച്ച നടത്തിയശേഷമാണ്‌ പരാതിക്കാർ പിരിഞ്ഞുപോയത്. 14നകം തൃപ്തികരമായ മറുപടി നൽകാമെന്ന്‌ ഭാരവാഹികൾ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ജനസേവ സമിതി ട്രസ്‌റ്റ് ചെയർമാൻ ഡോ. എൻ മധു, കോ-–-ഓർഡിനേറ്റർ സി ജി മേരി, ഉപദേശകസമിതി അംഗം എസ് രാജൻ എന്നിവരുമായാണ് പരാതിക്കാർ ചർച്ച നടത്തിയത്.

സംസ്ഥാനത്ത്‌ 179 സെന്ററുകൾ വഴി നടപ്പാക്കിയ പദ്ധതിയാണിതെന്നും ജനങ്ങൾ അടച്ച പണം നാഷണൽ എൻജിയോസ്‌ കോൺഫെഡറേഷന്റെ അക്കൗണ്ടിലേക്ക് അടച്ചെന്നുമാണ് ട്രസ്‌റ്റ്‌ ഭാരവാഹികൾ അവകാശപ്പെടുന്നത്‌.

സ്‌ത്രീകൾക്ക്‌ ഇരുചക്രവാഹനം പകുതിവിലയ്ക്ക് നൽകുമെന്ന്‌ വാഗ്‌ദാനംചെയ്‌ത്‌ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്‌റ്റിലായ തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്‌ണൻ വളർന്നത്‌ ബിജെപി–-കോൺഗ്രസ്‌ തണലിൽ എന്നാണ് ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്‌. അനന്തുകൃഷ്‌ണനും ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണനും നേതൃത്വം നൽകുന്ന സന്നദ്ധസംഘടനകൾ ചേർന്നാണ്‌ പകുതിവിലയ്‌ക്ക്‌ ഇരുചക്രവാഹനങ്ങൾ സ്‌ത്രീകൾക്ക്‌ നൽകുന്ന പദ്ധതിക്ക്‌ തുടക്കമിട്ടത്‌.

അനന്തുകൃഷ്‌ണൻ കോ–-ഓർഡിനേറ്ററായ നാഷണൽ എൻജിയോസ്‌ കോൺഫെഡറേഷനും എ എൻ രാധാകൃഷ്‌ണൻ ചെയർമാനായ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ്‌ ഗ്രോത്ത്‌ ഓഫ്‌ ദി നേഷൻ (സൈൻ) സംഘടനയും ചേർന്ന്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്യുന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സൈൻ നേതൃത്വത്തിൽ ഒറ്റയ്‌ക്കും രാധാകൃഷ്‌ണൻ വാഹനവിതരണം നടത്തിയിരുന്നു.

കരുമാല്ലൂരിൽ അനന്തുകൃഷ്‌ണൻ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്‌ഘാടകൻ ഹൈബി ഈഡൻ എംപിയായിരുന്നു. ഇരുവരുടെയും ചിത്രമുള്ള പോസ്‌റ്റുകളും പുറത്തിറക്കിയിരുന്നു. എൻജിയോസ്‌ കോൺഫെഡറേഷൻ വരാപ്പുഴയിൽ സംഘടിപ്പിച്ച പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌ വി ഡി സതീശനാണ്‌. കൂനമ്മാവിൽ സംഘടിപ്പിച്ച യൂത്ത്‌ സമ്മിറ്റ്‌ ഉദ്‌ഘാടനം ചെയ്‌തത്‌ റോജി എം ജോൺ എംഎൽഎയും. അനന്തു കൃഷ്‌ണൻ അറസ്‌റ്റിലായപ്പോൾ കെപിസിസി അംഗം ലാലി വിൻസെന്റ്‌ മൂവാറ്റുപുഴ പൊലീസ്‌ സ്‌റ്റേഷനിൽ എത്തിയിരുന്നു.

ഇരുചക്രവാഹനം പകുതിവിലയ്ക്ക് വാങ്ങിനൽകാമെന്നുപറഞ്ഞ് കോതമംഗലത്തുനിന്ന്‌ 6.06 കോടി രൂപ തട്ടിയതിന്‌ അനന്തുകൃഷ്‌ണനെതിരെ കേസെടുത്തു. റിമാൻഡിലുള്ള അനന്തുകൃഷ്‌ണനെതിരെ കോതമംഗലം പൊലീസ് രണ്ട്‌ കേസുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. തങ്കളം ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൗണ്ടേഷന്റെ പരാതിയിലാണ് ആദ്യ കേസ്‌. 3.88 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ്‌ പരാതിയിലുള്ളത്‌. എണ്ണൂറിലധികം പേർക്കാണ്‌ ഇവിടെ ഇരുചക്രവാഹനം ലഭിക്കാനുള്ളത്‌.

കോതമംഗലത്തെ ദർശന ചാരിറ്റബിൾ ട്രസ്‌റ്റിന്റെ പരാതിയിൽ 2.18 കോടി രൂപ തട്ടിച്ചതിനും കേസെടുത്തു. എഴുന്നൂറോളം പേർക്കാണ്‌ വാഹനം ലഭിക്കാനുള്ളതെന്ന്‌ കോതമംഗലം സിഐ പി ടി ബിജോയി പറഞ്ഞു.

അതേസമയം, അനന്തുകൃഷ്‌ണനായി മൂവാറ്റുപുഴ പൊലീസ്‌ മൂവാറ്റുപുഴ ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ ബുധനാഴ്‌ച പരിഗണിക്കും. കസ്റ്റഡിയിലെടുത്ത്‌ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മൂവാറ്റുപുഴ ഡിവൈഎസ്‌പി പി എം ബൈജു പറഞ്ഞു.

ഹൈക്കോടതി ജങ്‌ഷനിൽ അനന്തുകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള രണ്ട്‌ ഫ്ലാറ്റുകൾ തിങ്കളാഴ്‌ച പ്രത്യേക അന്വേഷകസംഘം പരിശോധിച്ചു. ഇയാളും പത്തോളം കൂട്ടാളികളുമാണ്‌ ഇവിടെ താമസിച്ചിരുന്നത്‌. ഇവിടെവച്ചാണ്‌ ഉന്നത കോൺഗ്രസ്‌–-ബിജെപി നേതാക്കളുമായി അനന്തുകൃഷ്‌ണൻ കൂടിക്കാഴ്‌ച നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker