ലോറിയിടിച്ച് വീണു, തലയിലൂടെ ചക്രം കയറി; ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂട്ടറിന്റെ പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് റോഡിലേക്ക് വീണ സ്ത്രീയുടെ തലയിലൂടെ അതേ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി മരിച്ചു. ചെറിയതുറ ലൂര്‍ദ് മാതാ നഗര്‍ കുരിശടിവിളാകത്ത് ബീസ് ഡെയിലില്‍ ജോസ് ബെര്‍ണാഡിന്റെ ഭാര്യ ഷീല എന്ന മാഗ്ലീന്‍ ജോസ് ( 55) ആണ് മരിച്ചത്. സ്‌കൂട്ടറോടിച്ചിരുന്ന ഭര്‍ത്താവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ വെളളാര്‍ ജങ്ഷന് സമീപം വെളളിയാഴ്ച ഉച്ചയ്ക്ക് 12.20- ഓടെയാണ് അപകടം. ഡ്രൈവറെയും ടിപ്പര്‍ ലോറിയെയും തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം തുറമുഖത്ത് കല്ലിറക്കിയശേഷം നഗരഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറാണ് അപകടത്തിനിടയാക്കിയത്. ടിപ്പറോടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
മുട്ടത്തറ ഗവ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ കഫറ്റേരീയ നടത്തിപ്പുകാരിയായിരുന്നു മരിച്ച മാഗ്ലിന്‍. വിഴിഞ്ഞം മുല്ലൂരിലുളള ഹോമിയോ ആശുപത്രിയിലെ ചികിത്സകഴിഞ്ഞ് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ചെറിയതുറയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വെളളാര്‍ ജങ്ഷന്‍ കഴിഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ പുറകെ വരുകെയായിരുന്ന ടിപ്പര്‍ ലോറി ഇവരുടെ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ചുതെറിപ്പിച്ചു. ഇതോടെ റോഡില്‍ തെറിച്ചുവീണ മാഗ്ലിന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. മാഗ്ലിന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.
സ്‌കൂട്ടറിനൊപ്പം ലോറിയുടെ വലതുഭാഗത്ത് വീണതിനാല്‍ നിസാര പരിക്കുകളോടെ ഭര്‍ത്താവ് ജോസ് ബെര്‍ണാഡ് രക്ഷപ്പെട്ടു. അപകടമറിഞ്ഞ് കൗണ്‍സിലര്‍ പനത്തുറ ബൈജു, കോവളം എസ്‌ഐ ഡിപിന്‍ ഉള്‍പ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ആംബുലന്‍സില്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബിജോയ് ജോസ് (ലുലുമാള്‍), ബിനോയ് ജോസ് (ദുബായ്) എന്നിവരാണ് മാഗ്ലിന്റെ മക്കള്‍. സംസ്‌ക്കാരം പാറ്റുര്‍ സെന്റ്പീറ്റേഴ്സ് പളളിയില്‍ ശനിയാഴ്ച വൈകിട്ട് നാലിന് നടക്കും.