രക്ഷകരായത് പോലീസ്; 10 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം കുടുംബത്തോടൊപ്പം ചേര്‍ന്ന് സ്ത്രീ; അപൂര്‍വ്വ സംഗമം
കൊല്‍ക്കത്ത: പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന അപൂര്‍വ്വ കൂടിച്ചേരലിന് സാക്ഷിയായി കൊല്‍ക്കത്ത നഗരം. നോര്‍ത്ത് 25 പര്‍ഗാനാസ് സ്വദേശി അന്നപൂര്‍ണയ്ക്കാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം കുടുംബത്തെ തിരിച്ചുകിട്ടിയത്. ഇതിന് കാരണക്കാരായതാകട്ടെ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരും.
മാനസികാസ്വാസ്ഥ്യമുള്ള അന്നപൂര്‍ണയെ 2010 മാര്‍ച്ചിലാണ് കാണാതെ ആയത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വിവിധയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും അന്നപൂര്‍ണയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇനി ഒരിക്കലും അന്നപൂര്‍ണ മടങ്ങിയെത്തില്ലെന്ന് ഓര്‍ത്ത് കുടുംബം ദു;ഖിച്ചിരിക്കേയാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സ്ഥിതിമാറിമറിഞ്ഞത്.
കൊല്‍ക്കത്തയിലെ നേതാജി നഗറിലുള്ള രാംനഗര്‍ കോളനയില്‍ ഒരു സ്ത്രീയെ അവശനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഉടനെ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി. തുടക്കത്തില്‍ സ്വന്തം പേരു പോലും അന്നപൂര്‍ണയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. പോലീസുകാര്‍ സ്ത്രീയെ ആശുപത്രിയിലാക്കി. ക്രമേണ ഇവരുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ ഓര്‍മ്മ തിരിച്ചുകിട്ടുകയും, സംസാരിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
വിശദാംശങ്ങള്‍ ആരാഞ്ഞ പോലീസുകാരോട് പേര് അന്നപൂര്‍ണ എന്നാണെന്നും നോര്‍ത്ത് 25 പര്‍ഗാനാസിലെ ഗായ്ഘട്ട ആണ് സ്ഥലമെന്നും അവര്‍ പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലില്‍ പോലീസുകാര്‍ക്ക് അന്നപൂര്‍ണയുടെ മകന്റെ മേല്‍വിലാസം ലഭിച്ചു. മകനുമായി സംസാരിച്ചപ്പോള്‍ അന്നപൂര്‍ണ അമ്മയാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതെ ആയതാണെന്നും വ്യക്തമായി. ഇതോടെ അന്നപൂര്‍ണയെ പോലീസ് കുടുംബത്തിന് കൈമാറുകയായിരുന്നു. അങ്ങിനെ ഒരു ദശകം മുന്‍പ് അസ്തമിച്ച കുടുംബത്തിന്റെ സന്തോഷം വീണ്ടും തിരികെ ലഭിച്ചു.