ഭര്‍ത്താവിനെ വേണ്ട; ഭര്‍തൃപിതാവിനെ വിവാഹം കഴിച്ച് പതിനെട്ടുകാരി
കാണ്‍പുര്‍: ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി ഭര്‍തൃപിതാവിനൊപ്പം താമസം തുടങ്ങി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ഭര്‍തൃപിതാവിനൊപ്പം താമസിക്കുന്ന വിവരം പുറത്തുവന്നത്.
യുവതിയെയും ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. എന്നാല്‍ തനിക്ക് ഭര്‍ത്താവിനെ വേണ്ടെന്നും, ഭര്‍തൃപിതാവിനൊപ്പം പോയാല്‍ മതിയെന്നും അറിയിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഇതിനെതിരെ ബഹളം വെച്ചെങ്കിലും പോലീസ് യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പാണ് യുവതിയുടെ വിവാഹം നടത്തിയത്. എന്നാല്‍ ഭര്‍ത്താവിനൊപ്പം ആറു മാസം മാത്രമാണ് ഇവര്‍ താമസിച്ചത്. ഭര്‍ത്താവിന്റെ മദ്യപാനം മൂലം യുവതി ഇയാളെ ഉപേക്ഷിച്ച് പോകുകയായിരുന്നു. എന്നാല്‍ യുവതി വീട്ടില്‍നിന്ന് പോയതിന് പിന്നാലെ ഭര്‍തൃപിതാവിനെയും കാണാതാകുകയായിരുന്നു. ഏറെ കാലം യുവാവ് ഇരുവരെയും തെരഞ്ഞെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കുറേ കാലം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രണ്ടു ദിവസം മുമ്പാണ് അടുത്ത ഗ്രാമത്തില്‍ യുവതിയും ഭര്‍തൃപിതാവും ഒരുമിച്ച് താമസിക്കുന്നതായുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.