കൊച്ചി:ജീവന്‍ അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരുടെ അഭയകേന്ദ്രമായി വെണ്ടുരുത്തി പാലം മാറിയിട്ട് കുറച്ചായി. എന്നാലും ഇവിടം കുറേ നാളുകളായി ഇത്തരം ആത്മഹത്യകള്‍ക്ക് ഇടവേളയായിരുന്നു. ഇന്ന് വീണ്ടും 26കാരി വെണ്ടുരുത്തി പാലത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ദൈവത്തിന്റെ കരങ്ങളുമായി നാവികസേനാംഗവും നാട്ടുകാരനായ മറ്റൊരാളും പിന്നാലെ ചാടി യുവതിയെ രക്ഷിച്ചു.
ആലപ്പുഴ സ്വദേശിയായ 26കാരിയാണ് ഇന്ന് ഉച്ചയോടെ പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് യുവതി തന്റെ ജീവനൊടുക്കാനുള്ള ശ്രമം നടത്തിയത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന നാവികസേനാംഗം ടി ആനന്ദ് കുമാറും സ്ഥലത്തുണ്ടായിരുന്ന പിജി രാജേഷ് എന്ന യുവാവുമാണ് മരണം പതിയിരിക്കുന്ന കൊച്ചി കായലിലേക്ക് എടുത്തുചാടിയത്.
ഈ സമയത്ത് കായലില്‍ പട്രോളിങിലായിരുന്ന നാവികസേനയുടെ ബോട്ട് ഇവരുടെ അടുത്തേക്ക് എത്തിയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി. ബോട്ടിലുണ്ടായിരുന്ന നാവികസേനാംഗങ്ങള്‍ മൂവരെയും രക്ഷിച്ചു. തുടര്‍ന്ന് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദ് കുമാറിനും രാജേഷിനും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. ആത്മഹത്യാ ശ്രമം നടത്തിയ യുവതി ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
കൊച്ചിക്കായലില്‍ ചാടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന ഇടമാണ് വെണ്ടുരുത്തി പാലം. എന്നാല്‍ പലപ്പോഴും ഇവിടെ നിന്ന് താഴേക്ക് ചാടുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ നാടിന്റെ നോവായി മാറിയിട്ടുണ്ട്. നാവിക സേനാംഗമായിരുന്ന വിഷ്ണു ഉണ്ണിയെന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യാനായി കായലിലേക്ക് ചാടിയ യുവതിയെയും കുഞ്ഞിനെയും രക്ഷിച്ച ശേഷം അടിയൊഴുക്കില്‍പെട്ട് പോവുകയായിരുന്നു.
2014 ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഇടപ്പള്ളി കുന്നുംപുറം സ്വദേശിയായ സംഗീതയെന്ന 34കാരിയാണ് കൈക്കുഞ്ഞായ തന്റെ മകനുമൊത്ത് ജീവിതം അവസാനിപ്പിക്കാന്‍ വെണ്ടുരുത്തി പാലത്തില്‍ നിന്ന് ചാടിയത്. ബൈക്കില്‍ സുഹൃത്തിനൊപ്പം ഇതുവഴി പോവുകയായിരുന്ന വിഷ്ണു ഉണ്ണി വണ്ടി നിര്‍ത്തിയ ശേഷം ഹെല്‍മറ്റ് സുഹൃത്തിന് നല്‍കി കായലിലേക്ക് ചാടി. ഇതുവഴി വന്ന പട്രോളിങ് ബോട്ടിലേക്ക് സ്ത്രീയെയും കുഞ്ഞിനെയും കൈമാറിയ ശേഷം ബോട്ടിലേക്ക് കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. കായലിലെ ശക്തമായ അടിയൊഴുക്കില്‍ നിലകിട്ടാതെ വിഷ്ണു ഓളങ്ങള്‍ക്കിടയില്‍ മറഞ്ഞുപോയി. നാവികസേനാംഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും വിഷ്ണുവിന്റെ മൃതദേഹം പോലും കിട്ടിയിട്ടില്ല.
2019 ല്‍ കായലിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെയും രക്ഷിച്ചത് നാവികസേനാംഗങ്ങളായിരുന്നു. 36കാരനായ ആദിത്യനാണ് പഴയ വെണ്ടുരുത്തി പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത്. പിന്നാലെ ചാടിയ ലീഡിങ് എയര്‍ക്രാഫ്റ്റ്മാനായിരുന്ന റിങ്കുവാണ് ആദിത്യനെ ജീവനോടെ കരക്കെത്തിച്ചത്. ഇതിന് മുന്‍പും നാവികസേനാംഗങ്ങള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ മറന്ന് കായലിലേക്ക് എടുത്തുചാടിയിട്ടുണ്ട്.