News

എനിക്ക് ഇഞ്ചക്ഷന്‍ തന്നു, അതിന് ശേഷമാണ് രക്തശ്രാമവുണ്ടായത്; ഗര്‍ഭം അലസിപ്പിച്ചതായി ലൗ ജിഹാദ് നിയമം പ്രകാരം അറസ്റ്റിലായ യുവതി

ലക്‌നൗ: ഉത്തര്‍പ്രദേില്‍ ലൗ ജിഹാദ് നിയമപ്രകാരം അറസ്റ്റിലായ യുവതിയുടെ ഗര്‍ഭം അലസിപ്പിച്ചതായി പരാതി. കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ തനിക്ക് ഇഞ്ചക്ഷന്‍ നല്‍കിയെന്നും ഇതിന് ശേഷമാണ് രക്തസ്രാവമുണ്ടായതെന്നും യുവതി ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ പുതുതായി പ്രാബല്യത്തിലെത്തിയ ലൗ ജിഹാദ് നിയമത്തിന്റെ ആദ്യത്തെ ഇരയായ 22കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. യുപി മൊറാദാബാദ് സ്വദേശിയായ യുവതിയെ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന തനിക്ക് വേണ്ടുന്ന ഒരു പരിചരണവും ലഭിച്ചില്ലെന്ന് യുവതി പറയുന്നു.

വയറുവേദനയെപ്പറ്റി ഒരുപാട് തവണ പറഞ്ഞിട്ടും അധികൃതര്‍ ശ്രദ്ധിച്ചില്ല. നില വഷളായപ്പോളാണ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ ഡോക്ടര്‍മാര്‍ തന്ന ഇഞ്ചക്ഷന് ശേഷമാണ് വയറുവേദന കലശലായതും ഗര്‍ഭം അലസിയതും. ആശുപത്രിയില്‍ ചെന്നപ്പോള്‍ അള്‍ട്രാ സൗണ്ട് ചെക്കപ്പ് നടത്തിയിരുന്നു. കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നാണ് ആദ്യം പറഞ്ഞത്.

പിന്നീട് കുത്തിവെയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് സ്ഥിതി വഷളായത്. യുവതി ആരോപിക്കുന്നു. സംഭവത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും ഡോക്ടര്‍മാരാണ് ഇതിന് കാരണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വേദനസംഹാരിയും രക്തസ്രാവം കുറയ്ക്കുന്നതിനുള്ള മരുന്നും മാത്രമാണ് നല്‍കിയതെന്നും അള്‍ട്രാ സൗണ്ട് ചെക്കപ്പില്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല എന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

യുവതിയുടെ ആരോഗ്യനില വഷളായിരുന്നതിനാല്‍ മീററ്റിലേക്ക് റഫര്‍ ചെയ്തിരുന്നുവെന്നും യുവതിയെ സ്വന്തം വണ്ടിയില്‍ കൊണ്ടുപോകാനാണ് ബന്ധുക്കള്‍ താല്പര്യപ്പെട്ടിരുന്നതെന്നും ആശുപത്രി സൂപ്രണ്ടും പ്രതികരിക്കുന്നു. ലൗ ജിഹാദ് ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ ബലാല്‍ക്കാരമായി ഗര്‍ഭച്ഛിദ്രത്തിനിരയാക്കിയെന്ന് പരാതി ലഭിച്ചിരുന്നുവെങ്കിലും മതിയായ ചികിത്സ ലഭിക്കാത്തതാണ് കാരണമെന്ന പ്രസ്താവനയുമായി ശിശുക്ഷേമസമിതി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി യുവതി രംഗത്തെത്തിയത്. ഡിസംബറിന്റെ തുടക്കത്തിലാണ് മൊറാദാബാദില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് റഷീദിനെ അറസ്റ്റ് ചെയ്തത്. യുവതിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം.

തന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലെന്നും തന്റെ സ്വന്ത ഇഷ്ടപ്രകാരം വിവാഹം ചെയ്തതതാണെന്നും യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ സഹോദരനെയും വിട്ടുകിട്ടണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം. ഇവര്‍ക്കൊപ്പം പോകാനാണ് താല്പര്യമെന്ന് യുവതി നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker