പരവൂര്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുത്തന്‍കുളത്തിനു സമീപം ചിറക്കരത്താഴം വിഷ്ണുഭവനില്‍ റീനയുടെ മകള്‍ വിജിത(30)യെയാണ് ഒരു മാസം മുന്‍പ് ഗൃഹപ്രവേശം നടത്തിയ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കുളിമുറിയുടെ കതക് അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവമെന്ന് കരുതുന്നു. ഭര്‍ത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു.
ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് കുളിമുറിയുടെ കതകു തകര്‍ത്ത് രതീഷ് തന്നെയാണ് വിജിതയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപ്പോഴേക്കും മരിച്ചിരുന്നു. രതീഷ് ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രതീഷിനെതിരേ പരാതിയുമായി വിജിതയുടെ അമ്മ റീന പാരിപ്പള്ളി സ്റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ സംഭവസ്ഥലം പരവൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലാണെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു. ഇതനുസരിച്ച് പരവൂര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി.
പരവൂര്‍ ഇന്‍സ്പെക്ടര്‍ സംജിത് ഖാന്‍, വനിത എസ്.ഐ. സരിത, എ.എസ്.ഐ. ഹരി സോമന്‍ എന്നിവര്‍ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: അര്‍ജുന്‍, ഐശ്വര്യ. പോലീസ് വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.