കൊച്ചി: ഇരുചക്ര വാഹനത്തില്‍ ലിഫ്റ്റ് കൊടുത്ത കൗമാരക്കാരന്‍ അശ്ലീലം പറഞ്ഞ അനുഭവം പങ്കുവെച്ച് യുവതി. കൊച്ചി വൈറ്റില ഭാഗത്തു നിന്നും സ്‌കൂള്‍ യൂണിഫോമില്‍ ബാഗുമായി പോകവേ തന്നോട് ലിഫ്റ്റ് ചോദിച്ച ഒരാണ്‍കുട്ടിയില്‍ നിന്നുമാണ് മോശം ചോദ്യം നേരിടേണ്ടി വന്നതെന്ന് അപര്‍ണ എന്ന യുവതി ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.
സാധാരണ ഗതിയില്‍ ഒരു സ്ത്രീയോട് ലിഫ്റ്റ് ചോദിക്കുമ്പോള്‍ തോന്നാറുള്ള യാതൊരുവിധ സങ്കോചവും ആ കുട്ടിയുടെ മുഖത്തുണ്ടായില്ല എന്ന് അപര്‍ണ പറയുന്നു. സഹയാത്രികനായ കുട്ടിയോട് സ്‌കൂള്‍ വിശേഷവും മറ്റും അപര്‍ണ തിരക്കി. എന്നാല്‍ കുറച്ചു ദൂരം പോയതും വളരെ മോശമായ, അശ്ലീലം നിറഞ്ഞ ചോദ്യം നേരിടേണ്ടി വന്നു എന്ന് ഇവര്‍ പറയുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ, ചെറുപ്രായത്തിലെ കുട്ടികളുടെ മനസ്സില്‍ ഇങ്ങനെ ഒരു വികല ഭാവന ഉണ്ടാവാനും, അവര്‍ മുതിര്‍ന്ന ഒരാളോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാനുമുണ്ടായ സാഹചര്യം എന്തെന്ന് ആശ്ചര്യപ്പെടുകയാണ് യുവതി. ഇത് ഇവര്‍ വളര്‍ന്നു വരുന്ന സാഹചര്യമാണോ, അതോ അത്തരം ചിന്താഗതികള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കാത്തതാണോ തുടങ്ങിയ ചോദ്യങ്ങളും അപര്‍ണ ഉയര്‍ത്തുന്നു. ഒട്ടേറെപ്പേരാണ് വീഡിയോയ്ക്കു പ്രതികരിച്ചിട്ടുള്ളത്.