![](https://breakingkerala.com/wp-content/uploads/2025/02/bindu-kumari-780x470.jpg)
ആറ്റിങ്ങല്‍: അറവുശാലയില്‍നിന്നു വിരണ്ടോടിയ കാള ഇടിച്ചുവീഴ്ത്തിയതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ആറ്റിങ്ങല്‍ തോട്ടവാരം രേവതിയില്‍ രാജന്‍ പിള്ളയുടെ ഭാര്യ എല്‍.ബിന്ദുകുമാരി(57)യാണ് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നാണ് ബിന്ദുകുമാരിയെ കാള ഇടിച്ചുവീഴ്ത്തിയത്. കൊല്ലമ്പുഴ-കുഴിമുക്ക് റോഡിലൂടെ വീട്ടിലേക്കു നടന്നുപോകുമ്പോഴാണ് സംഭവം. കാള വിരണ്ടോടി വരുന്നതുകണ്ട് ബിന്ദുകുമാരി ഓടിമാറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാളയുടെ കൊമ്പുകൊണ്ട് മുറിവേറ്റില്ലെങ്കിലും ശക്തമായ ഇടിയില്‍ ബിന്ദുകുമാരി ദൂരേക്കു തെറിച്ച് തലയിടിച്ചുവീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ആലംകോട് സ്വദേശിയായ വ്യാപാരി ആറ്റിങ്ങല്‍ ചന്തയ്ക്കുള്ളിലെ അറവുശാലയിലെത്തിച്ച മൃഗങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കാളയാണ് വിരണ്ടോടിയത്. വാഹനത്തില്‍നിന്നു പുറത്തിറക്കുമ്പോള്‍ കാളയുടെ മൂക്കുകയര്‍ പൊട്ടിപ്പോയി. വിരണ്ട കാള റോഡിലൂടെ ഓടാന്‍ തുടങ്ങി. ബിന്ദുകുമാരിയെ ഇടിച്ചുവീഴ്ത്തിയശേഷം മുന്നോട്ടുപോയ കാള തിരുവാറാട്ടുകാവ് ദേവീക്ഷേത്രമൈതാനത്തെത്തി നിലയുറപ്പിച്ചു. ഈ സമയം നാട്ടുകാരില്‍ ചിലര്‍ കുരുക്കെറിഞ്ഞ് കാളയെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പോലീസും അഗ്‌നിരക്ഷാസേനയുമെത്തിയെങ്കിലും കാളയുടെ അടുത്തേക്കു പോകാനാകാതെനിന്നു. മറ്റു മൃഗങ്ങളെ ഇവിടെയെത്തിച്ച് കാളയുടെ അടുത്തേക്കു നിര്‍ത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാള അവയെയും കുത്താന്‍ തുനിഞ്ഞു. തിരുവാറാട്ടുകാവിലെ ആനയായ കാളിദാസന്റെ പാപ്പാന്‍ ബിജു 2.30ഓടെ സ്ഥലത്തെത്തി കയറുകൊണ്ട് കുരുക്കെറിഞ്ഞുമുറുക്കി കാളയെ പിടിച്ചുകെട്ടുകയായിരുന്നു.
ബി.അഞ്ജു(കെ.എസ്.എഫ്.ഇ. മണമ്പൂര്‍ ശാഖ), ബി.പൂജ എന്നിവരാണ് മരിച്ച ബിന്ദുകുമാരിയുടെ മക്കള്‍. മരുമകന്‍: എസ്.നിധീഷ്(ദുബായ്).