അടുത്തിടപഴകിയാൽ ഭാര്യമാർ പ്രശ്നമാക്കും, പക്ഷെ ആ നടിയോട് ആർക്കും പ്രശ്നമില്ല: രമേശ് പിഷാരടി
കൊച്ചി:സിനിമാ രംഗത്ത് ഇടയ്ക്ക് സാന്നിധ്യം അറിയിക്കാറുണ്ടെങ്കിലും രമേശ് പിഷാരടി ഇന്നും ടെലിവിഷൻ ഷോകളിലാണ് സജീവ സാന്നിധ്യം. രമേശ് പിഷാരടിയുടെ കോമഡിക്ക് ആരാധകർ ഏറെയാണ്. അതേസമയം വ്യക്തി ജീവിതത്തിൽ രമേശ് തമാശക്കാരനല്ല. ഗൗരവക്കാരനാണ്. ഇതേക്കുറിച്ച് സഹപ്രവർത്തകർ പറയാറുണ്ട്. സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങൾ രമേശ് പിഷാരടിക്കുണ്ട്. ഇപ്പോഴിതാ അന്തരിച്ച നടി സുബി സുരേഷിനെക്കുറിച്ച് സംസാരിക്കുകയാണ് രമേശ് പിഷാരടി.
ഇരുവരും നിരവധി ഷോകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ആർട്ടിസ്റ്റുകളുടെ ഭാര്യമാർക്ക് പ്രിയപ്പെട്ടയാളായിരുന്നു സുബിയെന്ന് രമേശ് പിഷാരടി പറയുന്നു. അമൃത ടിവിയിലാണ് നടൻ ഓർമകൾ പങ്കുവെച്ചത്. ഷോയ്ക്ക് ആണുങ്ങളുടെ കൂട്ടത്തിൽ ഒറ്റ പെണ്ണായി സുബിയുണ്ടാകും. ഞാൻ ശ്രദ്ധിച്ച കാര്യം ഒരു ആർട്ടിസ്റ്റിന്റെയും ഭാര്യക്ക് സുബി പ്രശ്നമല്ലായിരുന്നു. നമ്മളോട് ഏതെങ്കിലും പെണ്ണ് ഒരുപാട് സ്വാതന്ത്ര്യത്തിൽ പെരുമാറിയാൽ നമ്മുടെ ഭാര്യ കണക്ക് പ്രകാരം ഒരു പ്രശ്നമുണ്ടാക്കാനുണ്ട്.
നമ്മുടെ ഭാര്യമാരാണെങ്കിലും പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്, ഒരു പരിധി വിട്ട സൗഹൃദം അവർക്കിഷ്ടമല്ല. പക്ഷെ സുബി എന്ത് പറഞ്ഞാലും ഈ കൂട്ടത്തിൽ പെട്ട ഒരു ആർട്ടിസ്റ്റിന്റെയും ഭാര്യക്ക് സുബിയുടെ കാര്യത്തിൽ ഒരു പരാതിയും ഒരു കാലത്തും ഞാൻ കേട്ടിട്ടില്ല. ഇല്ലാത്ത പല കഥകളും ഈ രംഗത്ത് കേൾക്കും. എന്നാൽ സുബിയെക്കുറിച്ച് അങ്ങനെയൊരു കഥയും കേട്ടിട്ടില്ലെന്നും രമേശ് പിഷാരടി ഓർത്തു.
യാത്ര ചെയ്യുമ്പോൾ സുബി വീട് വെക്കുന്ന കാര്യം പറയുമായിരുന്നു. നിനക്കെപ്പോഴോ വീട് വെക്കാമായിരുന്നു, നീയെന്താണ് വെക്കാതിരുന്നതെന്ന് ഞാൻ ചോദിച്ചു. ഓരോ കാര്യങ്ങളിലായി പോയെന്ന് പറഞ്ഞ്. അഞ്ചാറ് പാസ്പോർട്ടുകളെടുത്തു. ഇത്രയും പാസ്പോർട്ടുകൾ വെച്ച് ഇനി നമ്മൾ കഷ്ടപ്പാട് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ലെന്ന് ഞാൻ പറഞ്ഞു. അവനവനെക്കുറിച്ച് ചിന്തിച്ച് തുടങ്ങണം, അവനവന് വേണ്ടി ജീവിക്കണം എന്ന് പറയുമ്പോൾ അതൊട്ടും മനസിലാകാത്ത ആളായിരുന്നു സുബിയെന്നും രമേശ് പിഷാരടി പറഞ്ഞു.