സ്‌കൂളുകളില്‍ ശനിയാഴ്ചയും ക്ലാസ്; വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും- വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം:സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാശംങ്ങൾ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാർഥികൾക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കിക്കഴിഞ്ഞതായും അത് മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഇന്ന് മുഖ്യമന്ത്രി അത് പുറത്തിറക്കും. സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകണമെന്നതാണ് സർക്കാരിന്റെ നയം. അതിനായി എല്ലാ സ്കൂളുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കും. അതത് സ്കൂളുകളിലെ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക.
ശനിയാഴ്ച അടക്കമുള്ള ദിവസങ്ങൾ സ്കൂളുകൾക്ക് പ്രവൃത്തിദിവസമായിരിക്കും. ഉച്ചവരെയാണ് ക്ലാസ് ഉണ്ടായിരിക്കുക. എൽപി സ്കൂളിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന തോതിലായിരിക്കും വിദ്യാർഥികളെ ഇരിക്കാൻ അനുവദിക്കുക. സ്കൂളുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്കുകൾ തുറക്കും. സ്കൂളുകൾ തുറക്കാതെ കിടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്കൂളുകളിലെ ക്ലാസുകൾ തൊട്ടടുത്തുള്ള മറ്റൊരു സ്കൂളിൽ നടത്താനും ആലോചനയുണ്ട്.
സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിന് പിടിഎയുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് കെഎസ്ആർടിസി നിരക്കിളവ് നൽകാൻ തയ്യാറായിട്ടുണ്ട്. സ്വകാര്യ ബസുകളുമായി ചർച്ചയ്ക്ക് ശേഷം അക്കാര്യത്തിലും രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.