രക്ഷിക്കാന്‍പോലും സൈന്യത്തെ അയക്കില്ല’; യുഎസ് പൗരന്‍മാര്‍ ഉടന്‍ യുക്രൈന്‍ വിടണമെന്ന് ജോ ബൈഡന്‍
വാഷിങ്ടൻ: യുഎസ് പൗരൻമാർ എത്രയും പെട്ടെന്ന് യുക്രൈൻ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. ‘ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മൾ ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങൾ ഏതുനിമിഷവും കൈവിട്ടുപോകാം”, ബൈഡൻ പറഞ്ഞു. റഷ്യൻ അധിനിവേശമുണ്ടായാൽ അമേരിക്കക്കാരെ രക്ഷിക്കാൻ പോലും ഒരു കാരണവശാലും യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കില്ലെന്നും ബൈഡൻ ആവർത്തിച്ചു.
യുക്രൈൻ അതിർത്തിയിലേക്ക് റഷ്യയുടെ വിവിധഭാഗങ്ങളിൽനിന്ന് കൂടുതൽ സൈനികർ എത്തിക്കൊണ്ടിരിക്കുകയാണെന്ന് യു.എസ്. പ്രതിരോധമന്ത്രാലയ ആസ്ഥാനമായ പെന്റഗൺ പറഞ്ഞിരുന്നു. 24 മണിക്കൂറിനിടെ ബെലാറസ്, യുക്രൈൻ അതിർത്തിയിലെ സേനാവിന്യാസം റഷ്യ വേഗത്തിലാക്കിയെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. നിലവിൽ ഏകദേശം 1.3 ലക്ഷം സൈനികർ സർവ്വസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അനുമാനമെന്നും കൃത്യമായ എണ്ണം പറയാനാകില്ലെങ്കിലും വടക്കൻ മേഖലയിലേക്കുള്ള സൈനികരുടെ ഒഴുക്കുവർധിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, യുക്രൈനുമായി അതിർത്തിപങ്കിടുന്ന ബെലാറസുമായി ചേർന്ന് റഷ്യ പത്തുദിവസത്തെ സംയുക്ത സേനാഭ്യാസം തുടങ്ങി. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 1000 കിലോമീറ്റർ അകലെയായാണ് ബെലാറൂസ് റഷ്യൻ സംയുക്ത സേനാഭ്യാസം. വടക്കൻ അതിർത്തിയിലെ ഒരുലക്ഷം സൈനികരെ നിലനിർത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ നിർദേശമുണ്ടെന്നും യുക്രൈനുമേൽ ശക്തമായ അധിനിവേശം നടത്തുമെന്ന സൂചനയാണിതെന്നും കിർബി ചൂണ്ടിക്കാട്ടി.