KeralaNews

'പരാതി വ്യാജം, നിരപരാധിയാണെന്ന് തെളിയിക്കാൻ ഏതറ്റംവരെയും പോകും'; ആരോപണങ്ങൾ നിഷേധിച്ച് നിവിൻ

കൊച്ചി:തനിക്കെതിരെ യുവതി ഉന്നയിച്ച ലൈം​ഗികപീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. ആരോപണം തികച്ചും വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നിവിൻ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞത്.

കോതമം​ഗലം നേര്യമം​ഗലം സ്വദേശിനിയായ യുവതിയാണ് നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണവുമായി രം​ഗത്തെത്തിയത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് 2023-ൽ ദുബായിൽവെച്ച് പീഡിപ്പിച്ചു എന്നാണ് പ്രത്യേക അന്വേഷണസംഘത്തോട് യുവതി പറഞ്ഞത്. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരം നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെ എറണാകുളം ഊന്നുകൽ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് നിവിൻ രം​ഗത്തെത്തിയത്.

“ഞാൻ ഒരു പെൺകുട്ടിയെ അപമാനിച്ചുവെന്ന തെറ്റായ വാർത്ത കണ്ടു. ഇത് തികച്ചും അസത്യമാണെന്ന് ദയവായി അറിയുക. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകാനും ഉത്തരവാദികളെ വെളിച്ചത്തുകൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഞാൻ തീരുമാനിച്ചു. നിങ്ങളുടെ കരുതലിന് നന്ദി. ബാക്കി കാര്യങ്ങൾ നിയമപരമായി കൈകാര്യം ചെയ്യും.” നിവിൻ പറഞ്ഞു.

വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത്, മറ്റ് നാലുപേർ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തെ(എസ്‌ഐടി) യുവതി സമീപിക്കുകയും എസ്‌ഐടി ഈ വിവരം ഊന്നുകല്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ ആറാം പ്രതിയാണ് നിവിൻ. ശ്രേയ, സുനിൽ, കുട്ടൻ, ബിനു, ബഷീർ എന്നിവരാണ് മറ്റുപ്രതികൾ.

അതേസമയം യുവതി ഒരുമാസം മുൻപ് ഊന്നുകൽ പോലീസിന് നൽകിയ ആദ്യപരാതിയിൽ പീഡന ആരോപണമില്ലായിരുന്നു. നിവിൻ പോളി ഉൾപ്പെടെയുള്ളവർ മർദിച്ചു എന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. ഇതിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി എസ്.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്നായിരുന്നു പോലീസ് അന്ന് റിപ്പോർട്ട് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker