ഇൻഡോര്‍: കെ.എൽ. രാഹുലിനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ടു മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതു സിലക്ടർമാരുടെ തീരുമാനമാണെന്നും രോഹിത് ശർമ ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിവുള്ള താരങ്ങൾക്ക് ആവശ്യത്തിന് അവസരങ്ങൾ നൽകുന്നതു തുടരുമെന്നാണു രോഹിത് ശർമയുടെ നിലപാട്.
‘‘താരങ്ങൾ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചു സംസാരിക്കുകയാണെങ്കിൽ, കഴിവുള്ളവർക്ക് അതു തെളിയിക്കാൻ ആവശ്യത്തിനു സമയം നൽകുക തന്നെ ചെയ്യും. ടീമിൽ വൈസ് ക്യാപ്റ്റൻ ആണോ, അല്ലയോ എന്നതുകൊണ്ടു പ്രത്യേകിച്ച് ഒന്നുമില്ല.
രാഹുൽ വൈസ് ക്യാപ്റ്റനായിരുന്നപ്പോൾ അദ്ദേഹം ടീമിലെ മുതിർന്ന താരങ്ങളിൽ ഒരാളായിരുന്നു. വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ടു മറ്റൊന്നും ഉദ്ദേശിക്കുന്നില്ല.’’– രോഹിത് ശർമ പറഞ്ഞു.
‘‘കെ.എൽ. രാഹുലും ശുഭ്മൻ ഗില്ലും ഏതൊരു മത്സരത്തിനു മുൻപും മണിക്കൂറുകളോളം പരിശീലിക്കാറുണ്ട്. മൂന്നാം ടെസ്റ്റിൽ ആരൊക്കെ കളിക്കാൻ ഇറങ്ങണമെന്നു ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. ടോസിന്റെ സമയത്തു മാത്രമായിരിക്കും ഇക്കാര്യം പ്രഖ്യാപിക്കുക.’’– രോഹിത് ശർമ വ്യക്തമാക്കി. ബോർഡർ– ഗാവസ്കർ ട്രോഫിയിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.
മൂന്നും നാലും ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ മറ്റാർക്കും വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയുമില്ല. ഇതോടെ മൂന്നാം ടെസ്റ്റിൽ രാഹുലിനു പകരം യുവതാരം ഗില്ലിനെ കളിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നു. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്സുകളിൽനിന്ന് 38 റൺസ് നേടാൻ മാത്രമാണ് ഓപ്പണിങ് ബാറ്ററായ രാഹുലിനു സാധിച്ചത്.